സാംസ്കാരിക നഗരിയായി കതാറ
text_fieldsകതാറ ബീച്ചിൽ വേനലവധികാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച കായിക മത്സരത്തിൽ നിന്ന്
ദോഹ: പേരുപോലെ തന്നെ ഖത്തറിന്റെ സാംസ്കാരിക ഉത്സവങ്ങളുടെ കേന്ദ്രമായി കതാറ കൾച്ചൽ വില്ലേജ് ഫൗണ്ടേഷൻ. ചെറുതും വലുതും ഉൾപ്പെടെ പലദേശക്കാരുടേതായി 643 സാംസ്കാരിക പരിപാടികൾക്കാണ് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ കതാറ വേദിയായത്. ചിത്രകലാ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ, ശിൽപശാലകൾ, വിവിധ ഫോറങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കതാറയിലെ വിവിധ കേന്ദ്രങ്ങൾ വേദിയായത്.
കതാറ കൾച്ചറൽ വില്ലേജ്
ചൂടിലും തണുപ്പിലുമെല്ലാം ആഘോഷപൂർണമായ അന്തരീക്ഷവും, വേദിയും ഒരുക്കുന്ന കതാറ ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുമിടയിൽ പ്രധാന സാംസ്കാരിക കേന്ദ്രമായി മാറിയെന്നതിൻെറ സൂചനയുമാണിത്. ലോകകപ്പിന് മുമ്പും, ലോകകപ്പ് വേളയിലും ശ്രദ്ധേയമായ പരിപാടികളുമായി സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രവുമായിരുന്നു കതാറി. ജനുവരി മുതൽ ജൂൺ വരെ 37 ആർട് എക്സിബിഷനാണ് വേദിയായത്. 250 കലാകാരന്മാർ പങ്കാളികളായ പ്രദർശനത്തിൽ 940ൽ ഏറെ സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെട്ടു.
19 സാംസ്കാരിക-പൈതൃക പ്രദർശനങ്ങൾക്കും കതാറ വേദിയായി. അന്താരാഷ്ട്ര മേളകളും, പ്രാദേശികവും, മേഖലകളിൽ ശ്രദ്ധേയവുമായ ഉൾപ്പെടെ സാംസ്കാരിക-പൈതൃക പ്രദർശനത്തിനാണ് വേദിയായത്. 10 സംഗീത പരിപാടികൾ, 46 ശിൽപശാലകൾ എന്നിവയും നടന്നു. 86 സെഷനുകളും, 44 ഫോറങ്ങളും, 46 സെമിനാറുകളും ഉൾപ്പെടെയാണ് ഇവ.
കതാറയിലെ പുസ്തക ശാല
കതാറയിൽ വിശ്വാസികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറിയ കതാറ പള്ളിയും ഈ വേളയിൽ വിവിധ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. മതപരമായ 70ഓളം പരിപാടികളാണ് നടന്നത്. അതിൽ 37 എണ്ണം വിവിധ മത്സരങ്ങളും മറ്റുമായിരുന്നു.
വിവിധ എംബസികൾ, വിദേശ സ്ഥാപനങ്ങൾ, അറബ് പ്രതിനിധികൾ എന്നിവയുമായി സഹകരിച്ച് ഫിലിം പ്രദർശനങ്ങൾക്കും കൾച്ചറൽ വില്ലേജിലെ വിവിധ ഹാളുകൾ സാക്ഷ്യം വഹിച്ചു. 36ഓളം അറബ്, വിദേശ സിനിമ പ്രദർശനങ്ങൾക്കാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ കതാറ വേദിയായത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആകർഷകമായ അൽ തുറായ പ്ലാനറ്റോറിയത്തിൽ 91 പ്രദർശനങ്ങൾ അരങ്ങേറി. ജൂൺ വരെ 7382 സന്ദർശകർ ഇവിടെ എത്തിയെന്നാണ് റിപ്പോർട്ട്.
കതാറയിലെ ശ്രദ്ധേയമായ മ്യൂസിയം ഓഫ് അറബ് പോസ്റ്റേജ് സ്റ്റാമ്പും സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി മാറി. 18890 പേരാണ് ഈ ചുരുങ്ങിയ നാളിൽ സന്ദർശിച്ചത്. വിദ്യാർഥികൾ ഉൾപ്പെടെയാണ് ഇവിടത്തെ സന്ദർശകർ ഏറെയും. 14ഓളം വൈവിധ്യമാർന്ന പരിപാടികൾക്ക് ഇവിടം വേദിയായതായി അധികൃതർ അറിയിച്ചു. ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവയും നടന്നു. മ്യൂസിയം ഓഫ് ട്രഡീഷനൽ ഫോറത്തിൽ 5441 പേർ സന്ദർശകരായി എത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളുടെ കേന്ദ്രം കൂടിയായി മാറിയ കതാറ, കല, സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണയും നൽകുന്നു.
അറിവിന്റെയും വിനോദങ്ങളുടെയും കേന്ദ്രമായ കതാറിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കതാറ ബീച്ചിൽ 1.89 ലക്ഷം പേർ സന്ദർശകരായെത്തി. 260ഓളം സ്കൂളുകളിൽ നിന്ന് 3216 വിദ്യാർഥികളും എത്തി. 45,100 വിദേശ ടൂറിസ്റ്റുകളും 418ഓളം പ്രമുഖ വ്യക്തികളും അതിഥികളായി എത്തിയിരുന്നു.
ഗൾഫ് മേഖലയിൽ തന്നെ വ്യത്യസ്തമായൊരു ആശയവുമായി ആരംഭം കുറിച്ച കതാറ കൾചറൽ വില്ലേജ് കലയും സംസ്കാരവും സാഹിത്യവും സിനിമയുമായി ഇതിനകം പ്രശസ്തി നേടിയ സ്ഥാപനമാണ്. അറബ് മേഖലയുടെയും ഖത്തറിന്റെയും ഗൾഫ് രാജ്യങ്ങളുടെയും ചരിത്രവും പാരമ്പര്യവും പൈതൃകവും പുതു തലമുറക്കും ലോകത്തിനും പരിചയപ്പെടുത്താനുള്ള പ്രധാന കേന്ദ്രവുമായാണ് കതാറയെ അവതരിപ്പിക്കുന്നത്. പരിപാടികളുടെ വൈവിധ്യവും സന്ദർശകരുടെ വരവും പോലെ തന്നെ, സാമൂഹിക മാധ്യമങ്ങളിലും കതാറ ഏറെ സ്വീകാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

