ആംബറിന്റെ അലങ്കാര കാഴ്ചകളുമായി കതാറ
text_fieldsദോഹ: ആംബറിൽ തീർത്ത വിവിധ ഇനം അലങ്കാര വസ്തുക്കളുമായി കതാറ കൾചറൽ വില്ലേജിൽ കഹ്റമാൻ പ്രദർശനം തിരികെയെത്തുന്നു. ആറാമത് കതാറ ഇന്റർനാഷനൽ ആംബർ എക്സിബിഷൻ ജനുവരി 13 മുതൽ16 വരെ കതാറ ഹാൾ ബിൽഡിങ് നമ്പർ 12ൽ നടക്കും. നാല് ദിനം നീളുന്ന പ്രദർശനത്തിൽ അന്താരാഷ്ട്ര രംഗത്തെ കുന്തിരിക്കമുത്തുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഉൽപന്നങ്ങളുമായി എത്തുന്നത്. പ്രദർശനത്തിനും വിൽപനക്കുമൊപ്പം ആംബർ ഉൽപന്ന നിർമാണ ശിൽപശാല, പരിശീലനം ഉൾപ്പെടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഉച്ചക്ക് 12 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മുതൽ രാത്രി 10 വരെ പ്രദർശനമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മികച്ച ഗുണനിലവാരമുള്ള ആംബർ ഉൽപന്നങ്ങളുടെ വമ്പൻ ശേഖരവുമായാണ് പ്രദർശനം എത്തുന്നത്. തസ്ബിഹ് മാലകളും മോതിരവും ആഭരണങ്ങളും മുതൽ ആംബറിൽ തീർത്ത അനേകം വസ്തുക്കൾ പ്രദർശനത്തിൽ സന്ദർശകരെ ആകർഷിക്കും. ഖത്തർ കൂടാതെ ജി.സി.സി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപാദകരും വിതരണക്കാരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ചില പ്രത്യേകതരം മരങ്ങളില്‍നിന്ന് ഊർന്നിറങ്ങുന്ന കുന്തിരിക്കത്തിന് സമാനമായ കറയാണ് ആംബര്‍. നൂറ്റാണ്ടുകളോളം പഴക്കമുള്ള മരങ്ങളിൽനിന്നുള്ള സ്രവത്തിലൂടെയാണ് ഇവ രൂപപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ ഡിമാൻഡുള്ള ഉൽപന്നം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

