കതാറ അറബിക് നോവൽ പ്രൈസ്: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsദോഹ: അറബ് സാഹിത്യ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ നോവൽ മത്സരങ്ങളിൽ ഒന്നായ കതാറ 11ാമത് അറബിക് നോവൽ പ്രൈസ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്ന കൃതികളുടെ പട്ടിക കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. ആകെ 44 നോവലുകളും ഒമ്പത് നിരൂപണ പഠനങ്ങളുമാണ് മത്സരത്തിനായുള്ളത്. കതാറ പ്രൈസ് പുരസ്കാര മത്സരത്തിലേക്ക് ആകെ 1908 കൃതികളാണ് ലഭിച്ചത്.
പ്രസിദ്ധീകരിക്കാത്ത നോവലുകൾ -923, പ്രസിദ്ധീകരിച്ച നോവലുകൾ -548, പ്രസിദ്ധീകരിക്കാത്ത യുവ എഴുത്തുകാരുടെ നോവലുകൾ -238, നിരൂപണ പഠനങ്ങൾ -97, ചരിത്ര നോവലുകൾ -93, പ്രസിദ്ധീകരിക്കപ്പെട്ട ഖത്തറി നോവലുകൾ -9 എന്നിങ്ങനെയാണിവ. നോവലിസ്റ്റുകളുടെ പേര്, നോവലുകളുടെ തലക്കെട്ടുകൾ, നിരൂപണ പഠനങ്ങൾ എന്നിവ കതാറ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ വിവിധ വിഭാഗങ്ങളിലുള്ള ഒമ്പത് നോവലുകൾ വീതമാണ് ഇത്തവണ പുരസ്കാരത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്തത്. അതേസമയം, ഖത്തരി നോവൽ വിഭാഗത്തിൽ ആകെ എട്ട് കൃതികളാണ് യോഗ്യത നേടിയത്. പ്രസിദ്ധീകരിച്ച നോവൽ വിഭാഗത്തിൽ ഏഴ് അറബ് രാജ്യങ്ങളിൽനിന്നുള്ള കൃതികളാണുള്ളത്. ഈജിപ്ത്, ഫലസ്തീൻ എന്നിവിടങ്ങളിൽനിന്ന് രണ്ട് നോവലുകൾ വീതവും കുവൈത്ത്, ഒമാൻ, സിറിയ, യമൻ, തുനീഷ്യ എന്നിവിടങ്ങളിൽനിന്ന് ഓരോ നോവലുകളുമാണുള്ളത്. പ്രസിദ്ധീകരിക്കാത്ത നോവൽ വിഭാഗത്തിൽ ഈജിപ്തിൽനിന്ന് മൂന്നും മൊറോക്കോയിൽനിന്ന് രണ്ടും സുഡാൻ, തുനീഷ്യ, ഇറാഖ്, ഫലസ്തീൻ എന്നിവിടങ്ങളിൽനിന്ന് ഓരോ നോവലുകളുമാണ് പട്ടികയിലുള്ളത്.
യുവ എഴുത്തുകാരുടെ നോവൽ വിഭാഗത്തിൽ അഞ്ച് അറബ് രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ കൃതികളാണുള്ളത്.
ഈജിപ്ത്, തുനീഷ്യ, മൊറോക്കോ, അൽജീരിയ എന്നിവിടങ്ങളിൽനിന്ന് രണ്ട് വീതവും സിറിയയിൽനിന്ന് ഒന്നും ഉൾപ്പെടുന്നു. പ്രസിദ്ധീകരിക്കാത്ത നിരൂപണ പഠനങ്ങളിൽ മൊറോക്കോയിൽനിന്ന് അഞ്ചും ഈജിപ്തിൽനിന്ന് മൂന്നും ജോർഡനിൽനിന്ന് ഒന്നുമാണുള്ളത്.
ചരിത്ര നോവൽ വിഭാഗത്തിൽ ഈജിപ്തിൽനിന്ന് മൂന്നും ജോർഡനിൽനിന്ന് രണ്ടും തുനീഷ്യ, മൊറോക്കോ, ഇറാഖ്, യമൻ എന്നിവിടങ്ങളിൽനിന്ന് ഓരോ നോവലുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

