"കാസർകോട് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്ൾ വിത്ത് ഡിസെബിലിറ്റീസ് സെന്റർ ആദ്യഘട്ടം അടുത്തവർഷം'
text_fieldsഗോപിനാഥ് മുതുകാട്, സംവിധായകൻ പ്രജേഷ് സെൻ എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണവും ഉന്നമനവും ലക്ഷ്യമിട്ട് കാസർകോട് മടിക്കൈയിൽ തുടങ്ങുന്ന ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്ൾ വിത്ത് ഡിസെബിലിറ്റീസ് പദ്ധതി (ഐ.ഐ.പി.ഡി) ആദ്യഘട്ടം അടുത്തവർഷം പൂർത്തിയാകുമെന്ന് മജീഷ്യനും ഭിന്നശേഷി -ജീവകാരുണ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട്. 30 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പദ്ധതി, ഭിന്നശേഷിയുള്ള വ്യക്തികളുടെ വിദ്യാഭ്യാസം, പരിശീലനം, സ്വതന്ത്ര ജീവിതം എന്നിവക്കുള്ള ഒരു ആഗോള മാതൃകയായി വിഭാവനം ചെയ്യപ്പെടുന്നു. ഐ.ഐ.പി.ഡിയുടെ ആദ്യഘട്ടം 2026ന്റെ തുടക്കത്തിൽ പ്രവർത്തനക്ഷമമാകുമെന്നും 2027 അവസാനത്തോടെ പൂർണമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി യാഥാർഥ്യമാക്കുന്നതിനായി എംക്യൂബ് എന്ന പേരിൽ സംഗീതവും ഇന്ദ്രജാലവും മോട്ടിവേഷൻ എന്നിവ സമന്വയിപ്പിക്കുന്ന പരിപാടി സംഘടിപ്പിക്കും. വക്റയിലെ ഡൽഹി പബ്ലിക് സ്കൂളിൽ സെപ്റ്റംബർ 19ന് നടക്കുന്ന പരിപാടിയിൽ ഗോപിനാഥ് മുതുകാടിന്റെ പ്രകടനങ്ങൾക്കൊപ്പം അതുൽ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, ദിവ്യ കൃഷ്ണൻ എന്നിവരുടെ സംഗീതവും മെലഡിയും കൂടാതെ, കാഴ്ചശക്തിയും ശാരീരിക വെല്ലുവിളികളും നേരിടുന്നവരുമായ ഫാത്തിമ അൻഷി, ആദിത്യ സുരേഷ് എന്നിവരുടെ പ്രകടനങ്ങളുമുണ്ടായിരിക്കും. സംവിധായകൻ പ്രജേഷ് സെൻ, ഇവന്റ് കൺവീനർ മൻസൂർ മൊയ്തീൻ, ഷംസീർ ഹംസ, നൗഫൽ അബ്ദുൽ റഹ്മാൻ, സിനിൽ ജോർജ്, അനുജ ജോർജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

