നാടെങ്ങും കുട്ടിനോമ്പ് വൈബ്
text_fieldsഗരങ്കാവൂ ആഘോഷത്തിൽ നിന്ന്
ദോഹ: ലുസൈൽ ബൊളെവാഡ്, ദോഹ സൂഖ് വാഖിഫ്, കതാറ കൾചറൽ വില്ലേജ്, മുശൈരിബ് ഡൗൺ ടൗൺ, ഓൾഡ് ദോഹ പോർട്ട് തുടങ്ങി മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമായി കുട്ടികളുടെ ഉത്സവമായി മാറിയ രാത്രി. നിറങ്ങളും അലങ്കാരങ്ങളുമുള്ള പുത്തനുടുപ്പണിഞ്ഞും പാട്ടുപാടിയും നൃത്തംചെയ്തും ഖത്തറിലെ കുട്ടി നോമ്പുകാർ നഗരത്തിരക്കിലേക്കിറങ്ങിയപ്പോൾ ഗരങ്കാവൂ നോമ്പുത്സവം കളർഫുളായി മാറി.
റമദാനിലെ 14ാം നോമ്പും തുറന്ന് വെള്ളിയാഴ്ച രാവിനെ പകലാക്കി കുട്ടിക്കൂട്ടങ്ങൾ തെരുവുകളാകെ കീഴടക്കി. അവരുടെ പെരുന്നാളായി മാറിയ നോമ്പിനെ ആഘോഷങ്ങളുടെ രാത്രിയാക്കി മാറ്റി രക്ഷിതാക്കളും കുടുംബങ്ങളും ഒപ്പമെത്തിയപ്പോൾ ‘ഗരങ്കാവൂവിന് ഉത്സവാവേശമായി. ഓരോ വർഷവും കൂടുതൽ വൈവിധ്യമാർന്ന പരിപാടികളോടെയെത്തുന്ന ‘ഗരങ്കാവൂ’ നോമ്പുത്സവം ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും മാളുകളും സൂഖും കതാറയുമെല്ലാം ഒരുപോലെ ആഘോഷവേദികളാക്കി.
ദർബ് അൽ സാഇയിലെ അൽ റസ്ജിയോടനുബന്ധിച്ച് നടന്ന ഗരങ്കാവൂ പരിപാടിയിൽ നിന്ന്
ലുസൈൽ ബൊളെവാഡ്, കതാറ കൾചറൽ വില്ലേജ്, സൂഖ് വാഖിഫ്, ഉംസലാലിലെ ദർബ് അൽ സാഇ, വിവിധ മാളുകൾ, നഗരസഭകളുടെ നേതൃത്വത്തിൽ വിവിധ പാർക്കുകൾ, ഓൾഡ് പോർട്ട്, ദോഹ ഫയർ സ്റ്റേഷൻ, പേൾ ഖത്തർ അങ്ങനെ പലയിടങ്ങളിലായി ഗരങ്കാവൂ ആഘോഷം വർണാഭമായി.
സ്വദേശി കുടുംബങ്ങൾക്കൊപ്പം മലയാളികളും വിവിധ അറബ് രാജ്യക്കാരും ഉൾപ്പെടുന്ന താമസക്കാരുടെയും സാന്നിധ്യം വലിയ തോതിലുണ്ടായിരുന്നു. സൂഖ് വാഖിഫിലും കതാറ കൾചറൽ വില്ലേജിലും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. നോമ്പ് തുറന്ന ശേഷം ഒഴുകിയെത്തിയ കുട്ടിക്കൂട്ടങ്ങളെ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചായിരുന്നു എല്ലായിടങ്ങളിൽനിന്നും മടക്കിയത്. ലുസൈൽ ബൊളെവാഡിൽ സമ്മാന വിതരണത്തിനൊപ്പം കുട്ടികൾക്കായി മത്സരങ്ങളും കളികളും, സൂഫി നൃത്ത പ്രദർശനം, കാർട്ടൂൺ കഥാപാത്രങ്ങളുടെ കാഴ്ച എന്നിവയുമായി സജീവമായി.
കതാറ കൾചറൽ വില്ലേജിൽ വെള്ളിയാഴ്ച രാത്രിയിലെ തിരക്ക്
സാംസ്കാരിക മന്ത്രാലയം നേതൃത്വത്തിൽ ദർബ് അൽ സാഇയിലെ അൽ റസ്ജി പരിപാടികളും ശ്രദ്ധേയമായി. വിവിധ പ്രായക്കാരെ ആകർഷിക്കും വിധമായിരുന്നു ഇവിടെ പരിപാടികൾ. ഗതാഗത മന്ത്രാലയത്തിനു കീഴിൽ മുവാസലാത്ത് നേതൃത്വത്തിൽ ദോഹ ഫെസ്റ്റിവൽ സിറ്റി, സിറ്റി സെന്റർ, വില്ലാജിയോ മാൾ എന്നിവിടങ്ങളിൽ പരിപാടികൾ നടന്നു.
വേദനകൾ മറന്ന് ഗസ്സയിലെ കുരുന്നുകളുടെ ഗരങ്കാവൂ
ദോഹ: യുദ്ധത്തിന്റെ തീരാമുറിവുകളുമായി ഖത്തറിന്റെ തണലിൽ പുതുജീവിതം നയിക്കുന്ന ഗസ്സയിലെ കുരുന്നുകൾക്കായും ഗരങ്കാവൂ ആഘോഷമൊരുങ്ങി. സ്വദേശി കുട്ടികളും താമസക്കാരായ വിവിധ ദേശക്കാരും കുട്ടികളുടെ നോമ്പുത്സവമായ ഗരങ്കാവു ആഘോഷിച്ച അതേ രാത്രിയിലാണ് ഖത്തറിൽ തണൽ തേടിയെത്തിയ ഗസ്സയിലെ കുരുന്നുകളെയും ചേർത്തുപിടിച്ചത്.
തുമാമയിൽ ഗസ്സക്കാർക്കായി ഒരുക്കിയ പാർപ്പിട സമുച്ചത്തില്ലായിരുന്നു പരിപാടികൾ. ‘ഗരങ്കാവൂ...’ പാട്ട് പാടിയും വർണകുപ്പായങ്ങളണിഞ്ഞും കുട്ടികൾ വന്നപ്പോൾ അവർക്ക് സമ്മാനങ്ങളും മിഠായികളും നൽകി സ്വീകരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ, മത്സരങ്ങൾ, വാദ്യങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.തുമാമയിലെ ഫലസ്തീൻ താമസകേന്ദ്രത്തിലെ ഗരങ്കാവൂ
ആഘോഷത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
തുമാമയിലെ ഫലസ്തീൻ താമസകേന്ദ്രത്തിലെ ഗരങ്കാവൂ ആഘോഷത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
ആഘോഷങ്ങളുടെ ദൃശ്യം ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി അൽ മിസ്നദ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. 2023 ഒക്ടോബറിൽ ഇസ്രായേൽ അധിനിവേശ സേന ഗസ്സയിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് യുദ്ധത്തിൽ പരിക്കേറ്റവരായ ആയിരത്തിലേറെ പേർ ചികിത്സക്കായി ഖത്തറിലെത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

