കഹ്റമയുടെ അൽ സുവൈദി സൂപ്പർ സബ്സ്റ്റേഷൻ തുറന്നു
text_fieldsഅൽ സുവൈദി സൂപ്പർ സബ്സ്്റ്റേഷനിൽ കഹ്റമ അധികൃതർ
ദോഹ: കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) യുടെ പ്രഥമ മേജർ സ്റ്റേഷനായ അൽ സുവൈദി സൂപ്പർ ഗ്രാൻഡ് സ്റ്റേഷന് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് തുടക്കം കുറിച്ചു. രാജ്യത്തുടനീളം ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ ഗ്രിഡുകൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് അൽ സുവൈദി സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. 400 ദശലക്ഷം റിയാൽ മുതൽമുടക്കിൽ ഒരു അപകടവും റിപ്പോർട്ട് ചെയ്യാതെ 2 മില്യൻ തൊഴിൽ മണിക്കൂറുകളുടെ ഫലമായാണ് പുതിയ സ്റ്റേഷൻ ഉയർന്നുവന്നിരിക്കുന്നത്. അത്യാധുനിക സുരക്ഷാ സംരക്ഷണ സംവിധാനങ്ങളായിരുന്നു ഇവിടെ സജ്ജീകരിച്ചിരുന്നത്.
1000 മെഗാവാട്ട് ശേഷിയുള്ള അൽ സുവൈദി സ്റ്റേഷനിൽ നിന്നും അൽ സദ്ദ്, ബിൻ മഹ്മൂദ്, ഫരീജ് അൽ സൂദാൻ എന്നീ പ്രധാന റെസിഡൻഷ്യൽ ഏരിയകളിലേക്ക് വൈദ്യുതി എത്തിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ ഗ്രിഡ്സ് വിപുലീകരണ പദ്ധതിയുടെ 13ാം ഘട്ടത്തിെൻറ ഭാഗമായാണ് പുതിയ സ്റ്റേഷൻ ഉദ്ഘാടനം നിർവഹിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ വൈദ്യുതി മേഖലയിൽ വൻപദ്ധതികളാണ് കഹ്റമ നടത്തിക്കൊണ്ടിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ മികച്ച ഇലക്േട്രാണിക് സേവനങ്ങൾ നൽകുന്ന കമ്പനിയായി കഹ്റമ ഈയടുത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉപഭോകൃത സേവന രംഗത്ത് മേഖലാതലത്തിൽ കഹ്റമയുടെ ഉയർന്ന പ്രകടനത്തിനുള്ള ബഹുമതിയായാണ് ദി ബെസ്റ്റ് ഇലക്േട്രാണിക് സർവിസ് അവാർഡിനെ വിലയിരുത്തുന്നത്. ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്േട്രാണിക് സേവനങ്ങളാണ് കഹ്റമ വെബ്സൈറ്റിലൂടെയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെയും ഉപഭോക്താക്കൾക്കായി നൽകുന്നത്. 2014-2030 കാലയളവിലേക്കുള്ള കഹ്റമയുടെ ദീർഘകാലാടിസ്ഥാന പദ്ധതിക്കുള്ള അംഗീകാരം കൂടിയാണ് അവാർഡ്.
ജല, വൈദ്യുതി ഉപഭോഗം കൃത്യമായി തിട്ടപ്പെടുത്തുന്നതിെൻറയും യൂട്ടിലിറ്റീസ് ഇൻഡസ്ട്രി ഡിജിറ്റൽവത്കരിക്കുന്നതിെൻറയും ഭാഗമായി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പ്രക്രിയയും പുരോഗമിക്കുകയാണ്. ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ ഒ ടി) അവതരിപ്പിക്കുന്ന സ്മാർട്ട് മീറ്ററുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിെൻറ ഭാഗമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും (കഹ്റമ) വോഡഫോൺ ഖത്തറും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം രാജ്യത്തുടനീളം സ്ഥാപിക്കുന്ന ആറ് ലക്ഷത്തോളം വരുന്ന സ്മാർട്ട് മീറ്ററുകളിൽ വോഡഫോൺ ഐ.ഒ.ടി സിമ്മുകൾ ഘടിപ്പിക്കും. ഇത് വഴി കൃത്യസമയത്ത് മീറ്റർ റീഡിങ് വിവരങ്ങൾ കഹ്റമയിലേക്ക് സ്വയം എത്തിച്ച് നൽകും. പുതിയ സ്മാർട്ട് മീറ്ററുകൾ എത്തുന്നതോടെ ടെക്നീഷ്യന്മാർ വഴി നടന്നിരുന്ന മാനുവൽ മീറ്റർ റീഡിങ്ങും മീറ്ററുകളും പഴങ്കഥയാകും. റീഡിങ് പ്രക്രിയ ഓട്ടോമാറ്റിക് രീതിയിലേക്ക് മാറുന്നതോടെ റെസിഡൻഷ്യൽ, ബിസിനസ് ഉപഭോക്താക്കൾക്ക് കൃത്യ സമയത്ത് കൃത്യമായ റീഡിങ്ങും ബില്ലും ലഭിച്ച് തുടങ്ങും. കൂടാതെ കഹ്റമക്ക് പ്രസ്തുത സംവിധാനം വഴി ഏത് സാഹചര്യത്തിലും ജല,വൈദ്യുതി കണക്ഷൻ സ്ഥാപിക്കാനോ വേർപെടുത്താനോ സാധിക്കും.ഉപഭോക്താക്കൾക്ക് തങ്ങളുടെ ജല, വൈദ്യുതി ഉപഭോഗം സംബന്ധിച്ച് കൂടുതൽ അവബോധം നൽകാനും ഇത്തരം സ്മാർട്ട് മീറ്ററുകൾക്ക് സാധിക്കും. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറക്കൽ എന്നീ ഉദ്ദേശ്യങ്ങൾ മുൻനിർത്തി പേപ്പർ രഹിത കോർപറേഷനെന്ന ലക്ഷ്യത്തിലേക്കാണ് കഹ്റമ നീങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

