300 കോടി റിയാലിന്റെ കരാറുമായി കഹ്റമ
text_fieldsഅടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കഹ്റമ വിവിധ കരാറുകളിൽ ഒപ്പുവെച്ച ശേഷം പ്രതിനിധികൾ
ഊർജകാര്യ സഹമന്ത്രിക്കൊപ്പം
ദോഹ: രാജ്യത്തിന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റമ) 310 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു.എൽസ്വീദി കേബ്ൾസ് ഖത്തർ കമ്പനി (ഖത്തർ), വോൾട്ടേജ് എൻജിനീയറിങ് ലിമിറ്റഡ് കമ്പനി (ഖത്തർ), ബെസ്റ്റ് ആൻഡ് ബെറ്റാഷ് കൺസോർട്യം (തുർക്കി), തായ്ഹാൻ കേബ്ൾ ആൻഡ് സൊലൂഷൻ (ദക്ഷിണ കൊറിയ) എന്നിവയുമായി നാല് സുപ്രധാന കരാറുകളിലാണ് കഹ്‌റമ ഒപ്പുവെച്ചിരിക്കുന്നത്.
ചടങ്ങിൽ ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅ്ബി പങ്കെടുത്തു. പുതിയ കരാറുകൾ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ഹൈ വോൾട്ടേജ് സബ്‌സ്‌റ്റേഷനുകൾ സ്ഥാപിക്കുകയും സബ്‌സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിന് 212 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ കേബിളുകളും ഓവർഹെഡ് ലൈനുകളും നൽകുകയും ചെയ്യും. കഹ്‌റമയിലെ മുതിർന്ന ഉദ്യോഗസ്ഥരും കമ്പനികളുടെ ഉന്നതതല പ്രതിനിധികളും കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
വൈദ്യുതി മേഖലയുടെ അഭൂതപൂർവമായ വളർച്ചയെ ഉൾക്കൊള്ളുന്നതിനും വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനും സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാറുകളിൽ ഒപ്പുവെച്ചതെന്ന് അൽ കഅ്ബി പറഞ്ഞു. ഖത്തറിന്റെ വൈദ്യുതി ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കമാണിതെന്ന് കഹ്‌റമ പ്രസിഡന്റ് അബ്ദുല്ല ബിൻ അലി അൽ തിയാബ് പറഞ്ഞു. കരാറുകൾക്ക് കീഴിൽ കമ്പനികൾ സബ്‌സ്റ്റേഷനുകളുടെ നിർമാണവും കേബിളുകളുടെയും ഓവർഹെഡ് ലൈനുകളുടെയും കണക്ഷനും നിലവിലുള്ള സബ്‌സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള ചുമതലകളും ഏറ്റെടുക്കും. ഖത്തരി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഹ്‌റമയുടെ നയങ്ങൾക്കനുസൃതമായി കരാറുകളുടെ ആകെ മൂല്യത്തിന്റെ 58 ശതമാനത്തിലധികവും ഖത്തരി കമ്പനികളുടെ വിഹിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

