ഇൻഡസ്ട്രിയൽ ഏരിയ ഉപഭോക്തൃകേന്ദ്രവുമായി കഹ്റാമ
text_fieldsഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനം ആരംഭിച്ച കഹ്റമ
കസ്റ്റമർ സർവിസ് സെന്റർ
ദോഹ: വ്യവസായ സ്ഥാപനങ്ങളുടെയും വൻകിട കമ്പനികളുടെയും ആസ്ഥാനമായ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സേവനം നൽകുന്നതുമായി കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) പുതിയ സേവനകേന്ദ്രം തുറന്നു.
വിവിധ വകുപ്പ് മേധാവികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കഹ്റമ പ്രസിഡന്റ് എൻജി. ഈസ്സ ബിൻ ഹിലാൽ അൽ കുവാരി ഉപഭോക്തൃ സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കമ്പനികളിൽനിന്നും വലിയ തോതിൽ വൈദ്യുതിയും വെള്ളവും ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങളുടെയും മറ്റും സേവനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യങ്ങൾ വർധിച്ചതിനെ തുടർന്നാണ് പുതിയ കേന്ദ്രം ആരംഭിച്ചത്.
ഉപഭോക്തൃ സേവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഉയർന്ന ഗുണനിലവാരവും വിശ്വാസ്യതയും നൽകുകയെന്ന കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും കഹ്റമ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
കോർപറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ ആവശ്യങ്ങളും വ്യവസ്ഥകളും കാര്യക്ഷമമായും വേഗത്തിലും നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത പുത്തൻ സ്മാർട്ട്, ഓട്ടോമേറ്റഡ് രീതികളാണ് പുതിയ കേന്ദ്രത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കോർപറേറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി ഒരു കേന്ദ്രം പ്രവർത്തിക്കുന്നതിലൂടെ സേവന കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നും തടസ്സമില്ലാതെ ബിസിനസ് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം പ്രത്യേക ഇടപാടുകളിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും കഹ്റമ വിശദീകരിച്ചു.
കോർപറേറ്റുകൾ ഉൾപ്പെടുന്ന പ്രത്യേക ഉപഭോക്തൃ വിഭാഗത്തിന് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ സേവനകേന്ദ്രമെന്ന് കഹ്റമ പ്രസിഡന്റ് എൻജി. ഈസ്സ ഹിലാൽ അൽ കുവാരി പറഞ്ഞു.
ഇവർക്ക് സാധ്യമായ ഏറ്റവും മികച്ച പിന്തുണ നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും ഖത്തർ സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക, വ്യാപാര വളർച്ചയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഇത് അവരെ പ്രാപ്തരാക്കുമെന്നും കഹ്റമ പ്രസിഡന്റ് വ്യക്തമാക്കി.
അത്യാധുനിക സർവിസ് ഡെസ്കുകളും സ്മാർട്ട് സർവിസ് സ്ക്രീനുകളും സജ്ജീകരിച്ച പ്രധാന സ്വീകരണ ഹാളാണ് കേന്ദ്രത്തിന്റെ സവിശേഷത. കേന്ദ്രങ്ങളിലെത്തുന്നവർ നടപടി ക്രമങ്ങൾ സുഗമമാക്കുന്നതിന് കരാറുകാരും അംഗീകൃത ഉദ്യോഗസ്ഥരും തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കണം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.00 വരെയാണ് കേന്ദ്രം പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

