കെ. മുഹമ്മദ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗ് പ്രഖ്യാപിച്ചു
text_fieldsകെ. മുഹമ്മദ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗ് ഫുട്ബാൾ മത്സര പ്രഖ്യാപന ചടങ്ങ്
ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ ഫുട്ബാൾ സംഘടനയായ ഖിഫ്, ഈയിടെ അന്തരിച്ച പൗരപ്രമുഖനും ദീർഘകാലം ഖിഫ് സാരഥിയുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ പേരിൽ ഈ വർഷം മുതൽ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ഖിഫ് സംഘടിപ്പിച്ച മുഹമ്മദ് ഈസ അനുസ്മരണ പരിപാടിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമാനോവിച്ചാണ് കെ. മുഹമ്മദ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം നിർവഹിച്ചത്. ഖിഫ് പ്രസിഡന്റ് ഷറഫ് പി. ഹമീദിന്റെ അധ്യക്ഷതയിൽ ദോഹ സ്റ്റേഡിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഇവാൻ, ഡോ. പുത്തൂർ റഹ്മാൻ, ദോഹയിലെ കായിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഈസയുടെ മരുമകൻ ആസാദ് അബ്ദുറഹ്മാൻ, മക്കളായ നൗഫൽ ഈസ, നാദിർ ഈസ, നമീർ ഈസ എന്നിവരും സംസാരിച്ചു. ഖിഫിന്റെ മുഹമ്മദ് ഈസയുമായി ബന്ധപ്പെട്ട വിഡിയോയും ഡോ. ശശി തരൂരിന്റേതുൾപ്പെടെ അനുശോചന സന്ദേശങ്ങളും പ്രദർശിപ്പിച്ചു.

