വിസ്മയം തീർത്ത് ജ്വല്ലറി–വാച്ച് പ്രദർശനം
text_fieldsദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹ എക്സിബിഷൻ കൺവെൻഷൻ സെൻററിൽ നടക്കുന്ന 15ാമത് ജ്വല്ലറി–വാച്ച് പ്രദർശനം കാണാനെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്. പ്രദർശനം കാണാനെത്തുന്നതോടൊപ്പം, ഇതിെൻറ ഭാഗമായി നടക്കുന്ന ശിൽപശാലകളിലും യോഗങ്ങളിലും ചർച്ചകളിലും നിരവധി പേർ പങ്കെടുക്കുന്നത് മേളയുടെ വിജയമായാണ് രേഖപ്പെടുത്തുന്നത്.
10 രാജ്യങ്ങളിൽ നിന്നായി 50 പ്രദർശകരാണ് ആറ് ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്. നാനൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകളുടെ വാച്ചുകളും ആഭരണങ്ങളുമാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.
വാണിജ്യമന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്.
പ്രദർശനത്തിെൻറ ഭാഗമായി നിരവധി അനുബന്ധ പരിപാടികളാണ് നടക്കുന്നത്. ആഭരണ നിർമ്മാണ രംഗത്തെ പ്രമുഖർ നയിക്കുന്ന ശിൽപശാലകളാണ് മുഖ്യ ആകർഷണം. കൂടാതെ സന്ദർശകർ കൂടുതലായി പങ്കെടുക്കുന്ന മറ്റൊരു പരിപാടിയാണ് ദിവസേന നടക്കുന്ന മജ്ലിസ് ടോക്ക്. പ്രാദേശിക കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരാണ് അധികവും ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്.
സന്ദർശകരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് പ്രമുഖ ഫ്രഞ്ച് വാച്ച് ഡിസൈനറായ ഓബ്ജെക്ടിഫ് ഹോളോഗറി പ്രദർശനത്തിലേക്ക് മടങ്ങിയെത്തുകയും വാച്ച് മേക്കിംഗ് സെഷൻ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 25ന് ഞായറാഴ്ച രാജ്യത്തെ ആദ്യ ലേല സ്ഥാപനമായ അൽബാഹീയുടെ നേതൃത്വത്തിലുള്ള ചാരിറ്റി ലേലവും പ്രദർശനത്തോടനുബന്ധിച്ച് നടക്കും.
മൈൽസ്റ്റോൺസ്(നാഴികക്കല്ലുകൾ) എന്ന് പേരിട്ടിരിക്കുന്ന ലേലത്തിൽ യുവ ഖത്തരി ഡിസൈനർമാർ രൂപം നൽകിയിരിക്കുന്ന പുതിയ ആഭരണ രൂപരേഖ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. വിഖ്യാത ഖത്തരി ഡിസൈനർമാരായ നദ അൽ സുലൈതി, നൗഫ് അൽ മീർ, ഗദാ അൽ ബൂഐനൈൻ, ലൈല അബൂ ഇസ്സ, ശൈഖ മുഹമ്മദ്, ജവഹർ, ഹിസ്സ മുഹമ്മദ് അൽ മന്നാഈ തുടങ്ങിയവരാണ് യുവ ഖത്തരി സംരംഭകരിലുൾപ്പെടുന്നത്. എജ്യൂക്കേഷൻ എബൗവ് ഓളിെൻറ ‘എജ്യുക്കേറ്റ് എ ചൈൽഡ്’ പദ്ധതിക്കായുള്ള ചാരിറ്റി ലേലമാണ് ഇതിലൂടെ നടക്കുന്നത്. ഫെബ്രുവരി 26 വരെ നടക്കുന്ന പ്രദർശനം എല്ലാവർക്കും സൗജന്യമാണ്. 13 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനത്തിലേക്ക് വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
