കേൾവിക്കുറവിന് കൂട്ടായി ‘ജുംല’
text_fieldsസാമൂഹിക വികസന, കുടുംബ ക്ഷേമ മന്ത്രി മർയം ബിൻത്
അലി ബിൻ നാസർ അൽ മിസ്നദ് സംസാരിക്കുന്നു
ദോഹ: കേൾവിക്കുറവുള്ളവരെ ഉൾക്കൊള്ളാനും, അവരെ മുഖ്യധാരയിലെത്തിക്കുന്നതിനുമായി ‘ജുംല’ ആംഗ്യഭാഷ പദ്ധതി അവതരിപ്പിച്ച് സാമൂഹിക, വികസന കുടുംബ മന്ത്രാലയം. അന്താരാഷ്ട്ര ആംഗ്യ ഭാഷാ ദിനത്തിൽ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദാണ് ‘ജുല’യുടെ പ്രഖ്യാപനം നടത്തിയത്. സാമൂഹിക വികസന, കുടുംബ മന്ത്രാലയത്തിലെ മാഡ-ഖത്തർ അസിസ്റ്റീവ് ടെക്നോളജി സെന്ററാണ് ലോകത്തിലെ ഇത്തരത്തിലെ ആദ്യ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് സാമൂഹിക വികസന, കുടുംബ മന്ത്രി ഇക്കാര്യം പുറത്തുവിട്ടത്. ലോക ആംഗ്യഭാഷാ ദിനത്തിൽ ഖത്തറിലും ലോകമെമ്പാടുമുള്ള കേൾവിക്കുറവുള്ള എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളിലൊന്നാണ് ‘ജുല’യെന്നും മന്ത്രി പറഞ്ഞു.
നിശ്ചയദാർഢ്യംകൊണ്ട് എല്ലാ വെല്ലുവിളികളും മറികടക്കാനും സഹകരണത്തോടെ വിജയത്തിലേക്കുള്ള എല്ലാ പാതകളും പിന്നിടാനും സാധിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ‘ജുംലദ ആംഗ്യഭാഷ പദ്ധതിയുടെ നൂതനാശയങ്ങളും ഗവേഷണ ഫലങ്ങളും പ്രഖ്യാപിക്കുന്നതിൽ സന്തുഷ്ടരാണെന്നും, ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതും അതുല്യവുമായ പദ്ധതിയാണിതെന്നും മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പറഞ്ഞു. ബധിരർക്കായുള്ള അന്താരാഷ്ട്ര വാരത്തോടനുബന്ധിച്ച് വിവര വിനിമയ സാങ്കേതികവിദ്യകളിലേക്കുള്ള ആളുകളുടെ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമാണ് മാഡ സെന്ററിൽ പദ്ധതി വികസിപ്പിച്ചത്. ഭിന്നശേഷിക്കാരായ ആളുകൾക്ക് അവരുടെ ശേഷിക്കും നിശ്ചയദാർഢ്യത്തിനും സർഗാത്മകതക്കും പിന്തുണക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേകിച്ചും സാങ്കേതികവിദ്യ വികസിപ്പിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നന്ദിയും പിന്തുണയും അറിയിക്കുന്നു. നിങ്ങളുടെ രാജ്യം നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു -മന്ത്രി പറഞ്ഞു. എല്ലാ വർഷവും സെപ്റ്റംബർ 23നാണ് ആംഗ്യഭാഷാ അന്താരാഷ്ട്ര ദിനം ആചരിച്ച് വരുന്നത്.
ബധിരരുടെ അവകാശങ്ങളെക്കുറിച്ചും ആംഗ്യഭാഷയെക്കുറിച്ചും അവബോധം വളർത്താൻ സഹായിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് സെപ്റ്റംബർ 23 അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

