കഥ പറയാൻ ജുഹാ വീണ്ടുമെത്തും; അറബ് കപ്പ് ഭാഗ്യചിഹ്നമായി ജുഹ
text_fieldsദോഹ: മേഖലയിലെ ഫുട്ബാൾ ആരാധകരുടെ ആവേശമായ ഫിഫ അറബ് കപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി ജുഹായെ പുറത്തിറക്കി. അറബ് സാഹിത്യ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഓദ്യോഗിക ഭാഗ്യ ചിഹ്നമായി ജുഹായെ തിരഞ്ഞെടുത്തത്. ഈ കഥാപാത്രം സമ്പന്നമായ നാടോടി പാരമ്പര്യങ്ങളെ ഉൾക്കൊള്ളുന്നു. വിചിത്രമായ, തമാശ നിറഞ്ഞ ഒരാളായാണ് ജുഹായെ പലപ്പോഴും ചിത്രീകരിക്കുന്നത്. അറബ് ലോകത്തെ തലമുറകൾക്കിടയിൽ വളരെ പ്രചാരമുള്ള ജുഹയുടെ കഥകൾ എപ്പോഴും അവസാനിക്കുന്നത് വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും വെളിപ്പെടുത്തലുമായാണ്.
അറബ് ലോകത്തെ ആരാധകരെ വീണ്ടും ഒരുമിപ്പിക്കുകയും മേഖലയിലെ ഊർജ്ജസ്വലമായ സംസ്കാരത്തിന്റെയും ഫുട്‌ബാളിനോടുള്ള അഭിനിവേശത്തിന്റെയും സവിശേഷമായ ആഘോഷമാവുകയും ചെയ്യുന്ന ഫിഫ അറബ് കപ്പിന്റെ ആഘോഷങ്ങളിൽ പ്രിയപ്പെട്ട കഥാപാത്രം വീണ്ടും അണിചേരും.
അറബ് ഐക്യത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നതിനും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരമാണിത്. കൂടാതെ, കായികരംഗത്തും മറ്റ് മേഖലകളിലുമുള്ള ഖത്തറിന്റെ കഴിവ് പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരവുമാണിത്.
അറബ് ഫുട്ബാൾ താരങ്ങളെയും ആരാധകരെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ടുവരുന്ന ഫിഫ അറബ് കപ്പിന് രണ്ടാം തവണയാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. ഡിസംബർ ഒന്നു മുതൽ 18 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിൽ നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ച് ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക. ആതിഥേയരായ ഖത്തറും നിലവിലെ ചാമ്പ്യന്മാരായ അൽജീരിയയും ഉൾപ്പെടെ ഒമ്പത് ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നവംബർ 25, 26 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ ശേഷിക്കുന്ന ഏഴ് ടീമുകളെയും തെരഞ്ഞെടുക്കും.
ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് 2022 ലെ ഫിഫ ലോകകപ്പിന് വേദിയായ ആറ് സ്റ്റേഡിയങ്ങളിലായി നടക്കും. സ്റ്റേഡിയങ്ങളെല്ലാം പൊതുഗതാഗതവുമായി ബന്ധിപ്പിച്ച് എല്ലാവർക്കും എളുപ്പത്തിൽ എത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ആതിഥേയരായ ഖത്തറും പലസ്തീൻ -ലിബിയ മത്സരത്തിലെ വിജയിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫൈനൽ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. അഹമ്മദ് ബിൻ അലി, എജ്യുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ, സ്റ്റേഡിയം 974 എന്നിവയാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന മറ്റ് സ്റ്റേഡിയങ്ങൾ. ഫിഫ അറബ് കപ്പ് ഖത്തർ മത്സര ഷെഡ്യൂൾ www.roadtoqatar.qa ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

