ജുബൈലിലെ തീപിടിത്തം: തീയണച്ചവരെ സൗദി അഭിനന്ദിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഗവർണറേറ്റിലെ ഒരു വാണിജ്യ സ്ഥാപനത്തിലുണ്ടായ തീ അണയ്ക്കുന്നതിൽ ധീരമായ ഇടപെടൽ നടത്തിയജാബർ ബിൻ സഈദ് അൽ സാലിമിനെയും മംദൂഹ് ബിൻ അബ്ദുല്ല അൽ ഖലഫിനെയും കിഴക്കൻ പ്രവിശ്യ അമീർ പ്രിൻസ് സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ആദരിച്ചു. ദമ്മാമിലെ അദ്ദേഹത്തിന്റെ ഓഫിസിൽ വെച്ചായിരുന്നു ആദരിക്കൽ ചടങ്ങ്. രണ്ടു പൗരന്മാരുടെയും വേഗത്തിലുള്ള പ്രതികരണത്തെയും ഉത്തരവാദിത്തബോധത്തെയും അമീർ സഊദ് ബിൻ നാഇഫ് പ്രശംസിച്ചു.
ഈ പ്രവൃത്തികൾ രാജ്യത്തെ പൗരന്മാരുടെ ധൈര്യം, അവബോധം, ധീരത എന്നിവയെ ഉൾക്കൊള്ളുന്നുവെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ത്യാഗവും ദാനശീലവും പ്രോത്സാഹിപ്പിക്കുന്ന സൗദി സമൂഹത്തിന്റെ തനതായ മൂല്യങ്ങളെയാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു ഉപകരണത്തിലെ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് കാരണമാണ് ജുബൈലിലെ വാണിജ്യ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. തീ പടരുന്നതിനു മുമ്പ് യാതൊരു നാശനഷ്ടവുമില്ലാതെ അത് അണയ്ക്കാൻ ഈ രണ്ടു പൗരന്മാർക്കും സാധിച്ചു.
സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ മാജിദ് അൽ മൊസാൻ പങ്കെടുത്ത കൂടിക്കാഴ്ചയിൽ ആദരവിന് കിഴക്കൻ പ്രവിശ്യാ അമീറിനോടുള്ള നന്ദിയും അഭിനന്ദനവും പൗരന്മാർ അറിയിച്ചു. തങ്ങൾ ചെയ്തത് തങ്ങളുടെ രാജ്യത്തോടുള്ള കൂറും സ്നേഹവും അർപ്പിച്ചുള്ള ദേശീയ കർത്തവ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

