ജോയന്റ് സുപ്രീം കമ്മിറ്റി സെഷൻ സമാപിച്ചു; സാമ്പത്തിക -സാങ്കേതിക മേഖലകളിൽ കൈകോർത്ത് ഖത്തർ -യു.എ.ഇ
text_fieldsഅബൂദബിയിൽ നടന്ന ഖത്തർ -യു.എ.ഇ ജോയന്റ് സുപ്രീം കമ്മിറ്റി ഏഴാം സെഷനിടെ
ദോഹ: മേഖലയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും പരസ്പര സഹകരണം ശക്തപ്പെടുത്തി ഖത്തറും യു.എ.ഇയും. ഉഭയക്ഷി സഹകരണവും സാഹോദര്യ ബന്ധവും കൂട്ടിയുറപ്പിച്ച് ഖത്തർ -യു.എ.ഇ ജോയന്റ് സുപ്രീം കമ്മിറ്റി ഏഴാം സെഷൻ അബൂദബിയിൽ സമാപിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ് യാൻ എന്നിവർ യോഗത്തിന് സംയുക്തമായി അധ്യക്ഷത വഹിച്ചു. ഖത്തറും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗതിയിലേക്കും സഹകരണത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നതിന് അടിവരയിടുന്നതായിരുന്നു ജോയന്റ് സുപ്രീം കമ്മിറ്റി സെഷൻ.
സാമ്പത്തികം, സാങ്കേതിക വിദ്യ, കാർഷികം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, പരസ്പര നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സർക്കാർ -സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വളർത്തുന്നതിനും ഊന്നൽ നൽകും. പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനായി പങ്കാളിത്തം വ്യാപിപ്പിക്കുമെന്ന് ഇരുപക്ഷവും ഉറപ്പുനൽകി.
ജോയന്റ് സുപ്രീം കമ്മിറ്റി ഏഴാം സെഷനിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിലും രണ്ട് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നിക്ഷേപ സംരക്ഷണം, കൃഷി, ഭക്ഷ്യസുരക്ഷ, മുനിസിപ്പൽ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്. വ്യാപാര മേഖലയിൽ, ചേംബർ ഓഫ് കൊമേഴ്സുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും സാമ്പത്തിക വിവരങ്ങൾ കൈമാറാനും തീരുമാനിച്ചു.
എ.ഐ, ഡിജിറ്റൽ നയങ്ങൾ, ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, എന്നിവയുടെ വികസനത്തിൽ പരസ്പര വൈദഗ്ധ്യ കൈമാറ്റത്തിനും ധാരണയായി.
ഇരുരാജ്യങ്ങളിലെയും ധനകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണത്തിനായി കരട് ധാരണാപത്രം തയാറാക്കി വരുകയാണ്. ഇരട്ട നികുതി ഒഴിവാക്കൽ കരാറുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയാക്കി. കൃഷി, കന്നുകാലി വളർത്തൽ, ഭക്ഷ്യശേഖരം എന്നിവയിൽ വൈദഗ്ധ്യം കൈമാറും. ആരോഗ്യം, വിദ്യാഭ്യാസം, കായികം, സംസ്കാരം, മാധ്യമം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണവും സെഷൻ ചർച്ച ചെയ്തു. ഖത്തർ -യു.എ.ഇ ജോയന്റ് സുപ്രീം കമ്മിറ്റിയുടെ എട്ടാം സെഷൻ ദോഹയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

