‘ജനമനസ്സില്‍ എക്കാലവും ജ്വലിച്ചു നിന്ന നേതാവ്’ -ജെ.കെ. മേനോൻ
text_fieldsദോഹ: ജനങ്ങളുടെ മനസ്സില്‍ ജീവിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എ.ബി.എൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ‘സ്നേഹവും കരുതലും കൊണ്ട് ജനമനസ്സില്‍ എക്കാലവും ജ്വലിച്ചുനിന്ന അപൂര്‍വം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എന്റെ പിതാവ് സി.കെ. മേനോനുമായിട്ടായിരുന്നു ഞങ്ങളിലെ ബന്ധത്തിന് തുടക്കം. പിന്നീട് ഞാനുമായും നല്ലൊരു ഹൃദയബന്ധം കാത്തുസൂക്ഷിച്ചു. പരിചയപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും പേരെടുത്ത് ഓർമിച്ചെടുക്കാന് കഴിയുന്ന സിദ്ധി ഉമ്മന്‍ ചാണ്ടിയെന്ന മഹത് വ്യക്തിയുടെ പ്രത്യേകതകളില്‍ ഒന്നായിരുന്നു. ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള കർമധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടുചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്ന് ജെ.കെ. മേനോൻ അനുസ്മരിച്ചു.
കേരള രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും ജെ.കെ. മേനോന് അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു.

