സന്ദർശക വിജയമായി ജിംസ് ഖത്തർ
text_fieldsജിംസ് ഖത്തറിന്റെ ഭാഗമായി ലുസൈൽ ബൊളെവാഡിൽ നടന്ന അർബൻ പ്ലേഗ്രൗണ്ട് പരേഡിൽനിന്ന്,
ദോഹ: പത്തുദിവസം ഖത്തറിലെ വാഹനപ്രേമികൾക്ക് അപൂർവമായ വാഹന വിരുന്നൊരുക്കിയ ജനീവ അന്താരാഷ്ട്ര മോട്ടോർഷോ വൻ വിജയമായി. ശനിയാഴ്ച സമാപിച്ച ഖത്തറിലെ പ്രഥമ ജിംസ് പ്രദർശനത്തിൽ 50ഓളം രാജ്യക്കാരായ 1.80ലക്ഷം സന്ദർശകരാണ് എത്തിയത്.1905 മുതൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന അന്താരാഷ്ട്ര മോട്ടോർഷോ ആദ്യമായാണ് മാതൃരാജ്യം വിട്ട് പുറത്തെത്തുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയായ ജിംസ് ഖത്തറിന് ഒക്ടോബർ അഞ്ചുമുതൽ 14വരെ മുഴുവൻ ദിനങ്ങളിലുമായി ശ്രദ്ധേയ സന്ദർശക സാന്നിധ്യം അനുഭവപ്പെട്ടതായി ഖത്തർ ടൂറിസം അറിയിച്ചു.
അന്താരാഷ്ട്ര പ്രശസ്തരായ 30ഓളം വാഹന നിർമാതാക്കൾ സജീവമായി പങ്കെടുത്ത പ്രദർശനത്തിൽ 29 വാഹന മോഡലുകളുടെ പ്രാദേശിക ലോഞ്ചിങ്ങും 12 വേൾഡ് പ്രീമിയർ ലോഞ്ചിങ്ങും നിർവഹിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി സ്വിറ്റ്സർലൻഡിനുപുറത്ത് വേദിയായ ജനീവ മോട്ടോർ ഫെസ്റ്റ് മേഖലയിലെയും വിവിധ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലെയും വാഹന പ്രേമികളെ ആകർഷിച്ചുവെന്നാണ് റിപ്പോർട്ട്. സന്ദർശകരുടെ പങ്കാളിത്തംകൊണ്ട് വൻവിജയമായെന്നും വിലയിരുത്തുന്നു.
ഡി.ഇ.സി.സിയിലെ ജിംസ് വേദി
വാഹന വ്യവസായ ലോകത്തും അവയുട്രെ പ്രദർശനത്തിലും ഖത്തറിനെ അടയാളപ്പെടുത്താൻ ജനീവ മോട്ടോർ ഫെസ്റ്റിലൂടെ കഴിഞ്ഞുവെന്ന് ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. സമ്മേളന പ്രദർശന സൗകര്യങ്ങൾ, ലളിതമായ യാത്രാനയങ്ങൾ, ആതിഥ്യ മികവ് തുടങ്ങിയവയിലൂടെ ഖത്തർ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ശ്രദ്ധേയമായ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രഥമ എഡിഷൻ ഖത്തർ ജനീവ മോട്ടോർ ഷോ ഏറ്റവും മികച്ചതായി സമാപിച്ചുവെന്ന് ജിംസ് സി.ഇ.ഒ സാന്ദ്രേ മെസ്ക്വിറ്റോ പറഞ്ഞു. ഡി.ഇ.സി.സിക്കുപുറമെ, നാഷനൽ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറം, ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലെ ട്രാക്ക് ഡേയ്സ്, ഓഫ് റോഡ് അനുഭവം നൽകിയ സീലൈനിലെ അഡ്വഞ്ചർ ഹബ്, ലുസൈൽ ബൊളെവാഡിലെ അർബൻ പ്ലേ ഗ്രൗണ്ട് ഉൾപ്പെടെ സംഭവ ബഹുലമായിരുന്നു ജിംസ് ഖത്തർ. ഒരു വർഷത്തെ ഇടവേളക്കുശേഷം 2025ൽ ജനീവ മോട്ടോർഷോ വീണ്ടും ഖത്തറിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

