അതിശയം, ആകാശനടത്തം...
text_fieldsദോഹ: ചന്ദ്രക്കലപോലെ ലുസൈലിന്റെ സൗന്ദര്യമായി ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന കതാറ ടവറിൽ സാഹസിക നടത്തം പൂർത്തിയാക്കി റെക്കോഡ് കുറിച്ച് സ്ലാക്ലൈൻ നടത്തക്കാരൻ യാൻ റൂസ്. റെഡ്ബുൾ വേൾഡ് ചാമ്പ്യൻകൂടിയായ യാൻ 185 മീറ്റർ ഉയരെ, 150 മീറ്റർ നീളത്തിൽ കെട്ടിടത്തിന്റെ രണ്ട് അറ്റങ്ങളെ ബന്ധിപ്പിച്ച കയറിലൂടെ ഭയമേതുമില്ലാതെ നടന്നുതീർത്തു. വെറും, രണ്ടര സെൻറിമീറ്റർ കനമുള്ള കയറും ഒപ്പം ചേർത്ത എൽ.ഇ.ഡി ലൈറ്റുകളുടെ നേർരേഖപോലെയുള്ള വെളിച്ചത്തിനുമിടയിലായിരുന്നു സാഹസിക നടത്തം. ഖത്തർ ടൂറിസത്തിന്റെ പ്രമോഷനായി വിസിറ്റ് ഖത്തറുമായി ചേർന്നായിരുന്നു നേരിയൊരു നൂൽപാലംപോലെ ആകാശത്ത് നീണ്ടുകിടന്ന സ്ലാക്ലൈനിലൂടെ യാൻ നടന്നു നീങ്ങിയത്. ഇരുകൈകളും മുകളിലേക്കുയർത്തി ബാലൻസ് ചെയ്തും കാലുകൾ കോർത്ത് തലകീഴായിനിന്നും സാഹസിക ദൗത്യം പൂർത്തിയാക്കിയ യാൻ റൂസിനെ അഭിനന്ദനങ്ങളോടെയാണ് സമൂഹമാധ്യമ ലോകം വരവേറ്റത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എൽ.ഇ.ഡി സ്ലാക്ലൈൻ നടത്തമായി ഈ ശ്രമം രേഖപ്പെടുത്തുകയും ചെയ്തു.
ഖത്തറിലെ വാസ്തുശിൽപ നിർമിതിയിലെ അത്ഭുതമായി തലയുയർത്തിനിൽക്കുന്ന കതാറ ടവറിന്റെ രണ്ട് അറ്റങ്ങളിലുള്ള നക്ഷത്രഹോട്ടലുകളായ റാഫ്ൾസിനും ഫെയർമൗണ്ട് ദോഹക്കുമിടയിലായിരുന്നു ഈ സാഹസിക നടത്തം.
ലോകകപ്പിനു മുമ്പായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് അത്ഭുതവും ചരിത്രനഗരിയായി മാറിയ ലുസൈൽ സിറ്റിയുടെ തിലകക്കുറിയുമായി നിന്ന കതാറ ടവറിനെ വീണ്ടുമൊരിക്കൽ ലോകശ്രദ്ധയിലെത്തിക്കുന്നതായി സ്ലാക്ലൈൻ നടത്തം.
‘ഈ കെട്ടിടം ആദ്യമായി കണ്ടപ്പോൾ, ഇതാണ് എനിക്ക് നടക്കാനുള്ള കെട്ടിടം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു’ -റെക്കോഡിലേക്കുള്ള നടത്തം തീരുമാനിക്കപ്പെട്ട ആദ്യ നിമിഷം യാൻ റൂസ് വിവരിക്കുന്നത് ഇങ്ങനെയാണ്. ‘ഇതുവരെ നടന്നുതീർത്തതിനേക്കാൾ വ്യത്യസ്തമാണ് കതാറയിലെ ശ്രമമെന്ന് തിരിച്ചറിഞ്ഞു. കെട്ടിടത്തിന്റെ രൂപവും കാലാവസ്ഥയും സാഹചര്യവുമെല്ലാം വ്യത്യസ്തമായിരുന്നു. ഖത്തർ ടൂറിസവുമായി സഹകരിച്ച് ലക്ഷ്യം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലായിരുന്നു പിന്നീട്. ടവറിന്റെ ഉയരവും കാറ്റിന്റെ ഗതിയും കാലാവസ്ഥയുമെല്ലാം പഠിച്ച് പരിശീലനം ആരംഭിച്ചു’ -അദ്ദേഹം പറയുന്നത് ഇങ്ങനെ.
നാടായ എസ്തോണിയയിലെത്തിയശേഷം സമാനമായ സാഹചര്യം ഒരുക്കിയായിരുന്നു മാസങ്ങളുടെ തയാറെടുപ്പ്. ഒടുവിൽ, കാറ്റും കാലാവസ്ഥയുമെല്ലാം തന്റെ ശ്രമത്തിന് അനുകൂലമായി മാറിയ ദിവസം ടീമിനൊപ്പം ദോഹയിലെത്തി വീണ്ടും ഒരുങ്ങി. പുലർച്ച 4.10നായിരുന്നു കതാറയിലെ രണ്ട് ഉയരങ്ങൾക്കിടയിൽ ബന്ധിപ്പിച്ച റോപ്പിലൂടെ നടത്തം ആരംഭിച്ചത്. എന്നാൽ, 24 മണിക്കൂർ മുമ്പേ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു. രാത്രി രണ്ടു മണിയോടെ നടത്തത്തിനുള്ള ഒരുക്കങ്ങളുമായി യാൻ ടവറിന് മുകളിലെത്തി. പിന്നെ, നിശ്ചയിച്ച സമയമെത്തിയപ്പോൾ റോപ്പുകളിൽ ചവിട്ടി മുന്നോട്ട്. കാറ്റിനെയും ചൂടിനെയും ചെറുത്ത്, ഓരോ ചുവടുംവെച്ച് നടത്തം തുടങ്ങി. കൈകൾ ഉയർത്തി ബാലൻസ് ചെയ്ത്, കാലുകൾ തെറ്റാതെ മുന്നേറി. ഇടയിൽ, ഇരുകാലുകളും കോർത്ത് തലകീഴായും അഭ്യാസം... അങ്ങനെ ചരിത്രം കുറിച്ച് എതിർദിശയിലെത്തിയശേഷം യാൻ റൂസ് ഉറക്കെ വിളിച്ചുപറഞ്ഞു... ‘ആഹ്... ദാറ്റ് വാസ് എ ഫൈറ്റ്...’ വിസിറ്റ് ഖത്തർ എന്നെഴുതിയ കൂറ്റൻ എൽ.ഇ.ഡി ബോർഡിനപ്പുറം കാത്തിരുന്നവർ കൈയടികളോടെ അദ്ദേഹത്തെ വരവേറ്റു. ഖത്തർ ടൂറിസം അധികൃതർ സമൂഹമാധ്യമ പേജുകളിലൂടെ വിഡിയോ പങ്കുവെച്ചിരുന്നു.
യാൻ; സ്ലാക്ലൈനിലെ സൂപ്പർസ്റ്റാർ
ദോഹ: ഒരു നൂൽപോലെ വലിച്ചുകെട്ടിയ കയറിനു മുകളിൽ ചുവടുകൾ പിഴക്കാതെ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുന്ന സ്ലാക്ലൈൻ വാക്കിലെ സൂപ്പർതാരമാണ് എസ്തോണിയക്കാരനായ യാൻ റൂസ്. മൂന്നു തവണ ലോകചാമ്പ്യൻ. ഒരുപാട് ലോകറെക്കോഡിനുടമ.
സ്ലാക് ലൈനിന് മുകളിൽ നിന്നും ആകാശത്തേക്ക് രണ്ടുവട്ടം കരണംമറിഞ്ഞ്, നിലതെറ്റാതെ വീണ്ടും റോപ്പിൽതന്നെ നിലയുറപ്പിക്കുന്ന ‘ഡബ്ൾ ബാക്ഫ്ലിപ്’ സ്ലാക്ലൈൻ പ്രകടനംകൊണ്ട് ശ്രദ്ധേയൻകൂടിയാണ് ഇദ്ദേഹം. തന്റെ 18ാം വയസ്സിൽ ഈ സാഹസിക ഇനത്തിൽ ശ്രദ്ധേയനായി മാറി യാൻ റൂസ്, ഇപ്പോൾ 31 വയസ്സിനിടെ കൊയ്തുകൂട്ടിയ നേട്ടങ്ങൾ നിരവധിയാണ്.
2021ൽ ബോസ്നിയ-ഹെർസഗോവിനയിൽ 100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക്സ് ചെയ്തും കസാഖ്സ്താനിൽ രണ്ടു പർവതങ്ങൾക്കിടയിൽ 500 മീറ്റർ ദൂരത്തിൽ ബന്ധിപ്പിച്ച കയറിൽ സ്ലാക്ലൈൻ വാക് നടത്തിയും നദികൾക്കു കുറുകെ നടന്നും ലോകശ്രദ്ധ നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

