ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ഐവറി കോസ്റ്റ് പ്രസിഡൻറ് അലസ്സാൻ വതാറയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിലെത്തിയ ഐവറി കോസ്റ്റ് പ്രസിഡൻറിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ച അമീർ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സഹകരണവും സൗഹൃദവും ശക്തമാക്കാൻ സന്ദർശനം വഴിയൊരുക്കട്ടെയെന്ന് ആശംസിച്ചു. ഖത്തറിൽ ലഭിച്ച ഉൗഷ്മള സ്വീകരണത്തിന് ഐവറി കോസ്റ്റ് പ്രസിഡൻറ് നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുരാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു. ഇത് രണ്ടാം തവണയാണ് ഐവറി കോസ്റ്റ് പ്രസിഡൻറ് ദോഹയിലെത്തുന്നത്.
നിക്ഷേപം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം, കാർഷികമേഖല തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിശാലമാക്കുന്നത് സംബന്ധിച്ച് അമീർ–പ്രസിഡൻറ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മേഖലാ, അന്തർദേശീയ വിഷയങ്ങളും പ്രത്യേകിച്ച് ആഫ്രിക്കൻ നാടുകളിലെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ചും ഇരുരാഷ്ട്രനേതാക്കളും കൂടിക്കാഴ്ചയിൽ വിലയിരുത്തി. മന്ത്രിമാരും ഉന്നത പ്രതിനിധികളുമടക്കം നിരവധി പേർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.