ആശാൻ ഖത്തറിലേക്ക്; ‘ഖത്തർ റൺ’ കളറാകും
text_fieldsഇവാൻ വുകോമനോവിച്
ദോഹ: ഖത്തറിലെ ഓട്ടപ്രേമികൾ കാത്തിരിക്കുന്ന ഗൾഫ് മാധ്യമം ഖത്തർ റണ്ണിന് ആവേശമാവാൻ മലയാളികളുടെ പ്രിയപ്പെട്ട ആശാനുമെത്തുന്നു. ചടുല തന്ത്രങ്ങളുമായി കേരളത്തിന്റെ കൊമ്പന്മാരായ ബ്ലാസ്റ്റേഴ്സിനെ കളത്തിൽ നയിച്ച പരിശീലകൻ സാക്ഷാൽ ഇവാൻ വുകോമനോവിച്ച് ഫെബ്രുവരി 14ന് ആസ്പയർ പാർക്ക് വേദിയാകുന്ന ആറാം സീസൺ ഖത്തർ റണ്ണിൽ ഓട്ടക്കാർക്കൊപ്പം അണിചേരും.
ആരാധകരെയും ടീമിനെയും ഹൃദയത്തോട് ചേർത്തുനിർത്തി, മുണ്ടുടുത്തും ഓണമാഘോഷിച്ചും തനി മലയാളിയായി മാറി, വിജയങ്ങളിലും പരാജയങ്ങളിലും മഞ്ഞപ്പടക്ക് കരുത്തായി മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച കേരള ഫുട്ബാൾ ആരാധകരുടെ സ്വന്തം ആശാൻ ഖത്തറിലെത്തുന്നു.
ഫുട്ബാളിനെ അളവറ്റ് സ്നേഹിക്കുന്ന മലയാളികൾ ആഘോഷപൂർവം കൊണ്ടാടിയ പരിശീലകനാണ് സെർബിയക്കാരനായ വുകോമനോവിച്. 1996 മുതൽ 2011 വരെ സെർബിയ, റഷ്യ, ബെൽജിയം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ് ഫുട്ബാളുകളിലൂടെ സജീവമായി പന്തുതട്ടിയ താരം, 2013ലാണ് കോച്ചിന്റെ കുപ്പായത്തിൽ അരങ്ങേറുന്നത്. ബെൽജിയം, സൈപ്രസ് രാജ്യങ്ങളിലെ ക്ലബുകളിൽ ഏതാനും വർഷങ്ങൾ പരിശീലകനായി പ്രവർത്തിച്ച ശേഷം 2021 ജൂണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമെത്തുകയായിരുന്നു.
പ്രഥമ സീസണിൽ ശരാശരി ടീമുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ വരെയെത്തിയതോടെ ആരാധകരുടെ ഇഷ്ടക്കാരനായി മാറി. ടീമിനെയും ആരാധകരെയും മാനേജ്മെന്റിനെയും രസച്ചരട് പൊട്ടാതെ ഒന്നിച്ചുനിർത്തിയ കോച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ആരാധകപിന്തുണയുള്ള പരിശീലകനായി മാറുകയായിരുന്നു. 76 കളികളിൽ നിന്നും 33 വിജയവും 14 സമനിലയുമായി മികച്ച ശരാശരിയുള്ള കോച്ചായും ആരാധകർക്ക് ഇഷ്ടക്കാരനായി. ഒടുവിൽ, പരിക്ക് വലച്ച 2024 സീസണിൽ ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതെ പോയതോടെ വുകോമനോവിചും ബ്ലാസ്റ്റേഴ്സും വഴിപിരിയുകയായിരുന്നു.
മൂന്ന് സീസണിൽ ടീമിനെ ഒരുക്കിയ പരിശീലകൻ നാടുവിട്ടുവെങ്കിലും ലോകമെങ്ങുമുള്ള മലയാളി ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ആശാനായി അദ്ദേഹം ഇന്നുമുണ്ട്. അതിനുള്ള സാക്ഷ്യം കൂടിയാണ് മലയാളികളുടെ ആഘോഷങ്ങളിലേക്കുള്ള കോച്ചിന്റെ ഓരോ വരവും. ഒരിക്കലും നിലക്കാത്ത ആവേശത്തോടെ ആരാധകരും പ്രിയപ്പെട്ട ആശാനെ നെഞ്ചേറ്റുന്നു.
ഇവാൻ വുകോമനോവിച്
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി നടക്കുന്ന ഗൾഫ് മാധ്യമം ഖത്തർ റൺ ആറാം സീസൺ രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ. ഖത്തർ കായിക മന്ത്രാലയത്തിന് കീഴിലെ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻസ് പിന്തുണയോടെ ഫെബ്രുവരി 14നാണ് ഖത്തർ റൺ അരങ്ങേറുന്നത്.
10 കിലോമീറ്റർ, 5 കി.മീറ്റർ, 2.5 കി.മീറ്റർ, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. പുരുഷ, വനിതകൾക്കായി ഓപൺ-മാസ്റ്റേഴ്സ് മത്സരങ്ങളാണുള്ളത്. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ആസ്പയർ പാർക്കിൽ നടക്കുന്ന റണ്ണിന് ‘ക്യൂ ടിക്കറ്റ്സ് വഴി (www.events.q-tickets.com) എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

