ഉരുകുന്ന ചൂടാണ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
text_fieldsദോഹ: വേനൽചൂട് ശക്തമാവുന്നതിനിടെ സൂര്യാഘാതം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽനിന്ന് രക്ഷനേടുന്നതിനും ജനങ്ങൾക്ക് മുൻകരുതൽ നിർദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തർ കാലാവസ്ഥ വകുപ്പും. കനത്ത ചൂടിൽ തൊഴിലെടുക്കുന്നതിന്റെ അപകടം സംബന്ധിച്ച് നിരവധി ബോധവത്കരണ കാമ്പയിനുകൾ തൊഴിൽ മന്ത്രാലയവും സംഘടിപ്പിച്ചിരുന്നു. വാരാന്ത്യദിവസങ്ങൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ ചൂടും ഹ്യുമിഡിറ്റിയും (ഈർപ്പം) കൂടുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം വ്യാഴാഴ്ച അറിയിച്ചു.43 ഡിഗ്രി സെൽഷ്യസ് വരെ വരുംദിനങ്ങളിൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഏറ്റവും ചുരുങ്ങിയ താപനില 33 ഡിഗ്രിവരെയാവുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം വ്യാഴാഴ്ച അബൂ സംറയിൽ 40 ഡിഗ്രി സെൽഷ്യസും ദോഹയിൽ 41 ഡിഗ്രി സെൽഷ്യസുമായിരുന്നു. താപനില വർധിക്കുന്നതോടൊപ്പം അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റി ഉയർന്ന തോതിലുള്ളതിനാൽ ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാനിടയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ പറയുന്നു.വെയിൽ നേരിട്ട് ശരീരത്തിലേൽക്കുന്നതും ഹ്യുമിഡിറ്റി കൂടുതലുള്ള സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്നും കൂടുതൽ ജലപാനം നടത്തണമെന്നും വകുപ്പ് നിർദേശിച്ചു. അതോടൊപ്പം കൂടുതൽ വായുസഞ്ചാരമുള്ള ഇടങ്ങളിൽ വിശ്രമിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, അന്തരീക്ഷ താപനിലയും ഹ്യുമിഡിറ്റിയും വർധിക്കുന്നതിനാൽ ചൂട് സംബന്ധമായ രോഗങ്ങൾ വരാനിടയുണ്ടെന്നും ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
തൊഴിലിടങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് തടയുന്നതിനാവശ്യമായ മുൻകരുതലുകളും മാർഗങ്ങളും മന്ത്രാലയത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.സൂര്യാഘാതം ഉൾപ്പെടെയുള്ളവ സംഭവിച്ചാൽ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷ നടപടികളും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

