ചൂടാണ്; ഇന്നുമുതൽ വെയിലത്ത് പണി വേണ്ട
text_fieldsദോഹ: പൊള്ളുന്ന ചൂടിൽ ആശ്വാസമായി പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള ഉച്ച വിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് നിയന്ത്രണം കൊണ്ടുവരുന്നത്.
ഓരോ ദിവസങ്ങളിലുമായി അന്തരീക്ഷ താപനില ശക്തമായി കുതിച്ചുയരുന്നതിനിടെയാണ് വിവിധ മേഖലകളിൽ പുറംമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതോടൊപ്പം, മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും ഇതേ സമയത്തിൽതന്നെ വിലക്കുണ്ട്. കഴിഞ്ഞ ദിവസമാണ് തൊഴിൽ മന്ത്രാലയം ഈ നിയമം പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ സുരക്ഷയും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് നിയമംമൂലംതന്നെ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
എല്ലാ വർഷങ്ങിലും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുകയും, എല്ലാ നിർമാണ മേഖലകളിലും നടപ്പാക്കുന്നുവെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ട്. പുറംതൊഴിലുകളിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ എല്ലാ തൊഴിലിടങ്ങളിലും പ്രത്യേകിച്ച് നിര്‍മാണ മേഖലകളില്‍ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനയും തുടങ്ങും.
വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്. വേനല്‍ കടുക്കുമ്പോള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ കാമ്പയിനുകളും സജീവമാകും. വരുംദിനങ്ങളിൽ നിരവധി പ്രചാരണ കാമ്പയിനുകളും മറ്റും തൊഴിൽ മന്ത്രാലയം ആസൂത്രണം ചെയ്യും.
സാധാരണ സെപ്റ്റംബർ 15 വരെയാണ് ഈ നിയമത്തിന്റെ കാലാവധി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഖത്തറിലും ഇതര ഗൾഫ് മേഖലകളിലും ചൂട് ശക്തമാണ്. പുറം തൊഴിലും ഉച്ചവെയിൽ നേരിട്ട് പതിക്കും വിധമുള്ള യാത്രയും നടത്തവുമെല്ലാം ഈ സമയങ്ങളിൽ അപകടത്തിന് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

