ഇനി കൊടുംചൂട്; താപനില 42 ഡിഗ്രിയിലേക്ക്
text_fieldsദോഹ: നാട്ടിൽ പെരുമഴപ്പെയ്ത്താണെങ്കിൽ പ്രവാസമണ്ണിൽ ഇത് കൊടുംചൂടിന്റെ കാലമാണ്. ദിവസവുമെത്തുന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരം ഓരോ ദിനവും അന്തരീക്ഷ താപനില മുകളിലേക്കാണ് കുതിക്കുന്നത്.ഒപ്പം, പൊടിക്കാറ്റ് മുന്നറിയിപ്പുകളും വരുന്നു. കഴിഞ്ഞദിവസം അന്തരീക്ഷ താപനില ഉയരുമെന്നും വടക്കുപടിഞ്ഞാറൻ കാറ്റിന്റെ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിരുന്നു. കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയരുമെന്നും ദൂരക്കാഴ്ച കുറയുമെന്നും നിർദേശമുണ്ടായിരുന്നു.
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ അതിശക്തമായ ചൂട് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ദോഹയില്‍ ഉയർന്ന താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെട്ടതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടു. അൽ വക്റ (420), മിസഈദ് (430), അൽഖോർ (400), അബുസംറ (360), മീസൈമീർ (430) എന്നിങ്ങനെയായിരുന്നു വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷ താപനില.ജനങ്ങൾ ചൂടേറിയ കാലാവസ്ഥയെ പ്രതിരോധിക്കാനാവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള ഉച്ച വിശ്രമ നിയമം കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെ പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കാണ് നിയന്ത്രണം കൊണ്ടുവന്നത്.
ഓരോ ദിവസവും അന്തരീക്ഷ താപനില ശക്തമായി കുതിച്ചുയരുന്നതിനിടെയാണ് വിവിധ മേഖലകളിൽ പുറംമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്.ഇതോടൊപ്പം, മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും വിലക്കുണ്ട്. വേനല്‍ കടുത്തതോടെ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ കാമ്പയിനുകളും സജീവമാണ്.തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പ്രചാരണ കാമ്പയിനുകളും നടത്തുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ പരിചരണം, ബോധവത്കരണത്തിന്റെ ഭാഗമായി സുരക്ഷ ഉപകരണങ്ങൾ, ഗൈഡ് ലൈനുകൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

