തണുപ്പ് കൂടുന്നു; കൊതുകിനെ തുരത്താം
text_fieldsദോഹ: ഓരോ ദിവസവും തണുപ്പിന് മൂർച്ച കൂടുമ്പോൾ പൊതുജനങ്ങളുടെ ആരോഗ്യ പരിചരണത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന ഓർമപ്പെടുത്തലുമായി അധികൃതർ. നവംബറും കടന്ന് ഉൾക്കിടിലംകൊള്ളിക്കുന്ന ഡിസംബറിലേക്കെത്താൻ ഇരിക്കവെ തണുപ്പിനെ മറപറ്റി കൊതുകുകൾ പെരുകാനുള്ള സാധ്യത ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളെ ഓർമപ്പെടുത്തുന്നു.
വീടുകൾ, താമസ കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ, ഓഫിസുകൾ ഉൾപ്പെടെ മേഖലകളിൽ കൊതുക് പെരുകുന്ന സാഹചര്യങ്ങൾ തടയണമെന്ന സന്ദേശവുമായി മന്ത്രാലയം ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ശൈത്യകാലത്തിന്റെ തുടക്കത്തിലെത്തുന്ന മഴ പലപ്പോഴും കൊതുക് പ്രജനനം വർധിപ്പിക്കുന്നതിന് കാരണമാകും.
കിണറുകളും വെള്ളപാത്രങ്ങളും നന്നായി അടച്ചും ഉപേക്ഷിക്കപ്പെട്ട ബാരലുകളിലും പാത്രങ്ങളിലും ടയറുകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം നൽകുന്ന പാത്രങ്ങൾ കഴിയുന്നത്ര വൃത്തിയാക്കുകയും വെള്ളം മാറ്റി നിറയ്ക്കണമെന്നും മുനിസിപ്പൽ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
നീന്തൽക്കുളങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യണം. ടാപ്പുകളിൽനിന്നോ എയർ കണ്ടീഷണറുകളിൽനിന്നോ അലങ്കാര ചെടികളിൽനിന്നോ പുറത്തുവരുന്ന വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകാൻ കാരണമാകും. ജലം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ 184ൽ റിപ്പോർട്ട് ചെയ്യണമെന്നും മുനിസിപ്പൽ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

