പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍‘നേതൃമാഹാത്മ്യത്തിന്റെ ചെങ്കോല്‍'
text_fieldsപാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
ശിഹാബ് എന്ന അറബി പദം ചെങ്കോല്‍ എന്നാണ് അര്‍ഥമാക്കുന്നത്. നേതൃദൗത്യത്തില്‍ സമീപകാലത്ത് കേരളം കണ്ട മഹിതമായ ഒരു മാതൃകയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ മുസ്ലിം സമൂഹം ആര്‍ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകള്‍ തങ്ങളില്‍ നിന്ന് പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങള്‍ കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈന് ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങള്‍ക്കുണ്ട്. എന്നാല്‍, സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യ സമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളില്‍ നിന്നാവണം പകര്‍ത്തിയത്.ആരും വൈകാരികാവേശത്തിന് അടിപ്പെട്ടുപോകാവുന്ന ദുര്‍ബല നിമിഷങ്ങളില്‍ സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലുമെല്ലാം ആ സൗമ്യത ചിറകുവിരിച്ചു.
കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അടുക്കാവുന്ന തരത്തില്‍ തങ്ങള്‍ അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. അതുകൊണ്ടാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതുനേതാവായി അദ്ദേഹം മാറിയത്. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പന്‍നിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങള്‍. തലയെടുപ്പുകൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞുചേര്‍ന്നു അദ്ദേഹം.
പുഞ്ചിരി തൂകിയും മിതമായും മാത്രമേ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങള്‍ക്കിടയില്‍ ജനകീയ പ്രശ്നങ്ങള്‍-രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവുമായവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെപ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാര്‍ച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകള്‍ കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതല നിര്‍വഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്. പൂക്കോയതങ്ങള്‍ - ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953ല്‍ കോഴിക്കോട് എം.എം.ഹൈസ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്‍ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. കാനഞ്ചേരിയിലെ ദര്‍സ് പഠനം പൂര്‍ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന്, 1966 വരെ കൈറോ സര്‍വകലാശാലയിലും അദ്ദേഹം തുടര്‍പഠനം നടത്തി. ഡോ. ഇസ്സുദ്ദീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ. ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്മാര്. ഈജിപ്തിലെ പഠനം പൂര്‍ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1975 മുതല്‍ അദ്ദേഹം മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ദേഹവിയോഗം വരെ അത് തുടര്‍ന്നുവരികയും ചെയ്തു.
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് സന്താനങ്ങള്‍. കേരള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അന്യമായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുഖ്യ അജണ്ടകളിലൊന്നാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പാണക്കാട് തങ്ങളാണ്! വീടില്ലാത്തവര്‍ക്ക് ഒരു കൂടെങ്കിലും നിര്മിച്ചുനല്കണമെന്നത് അങ്ങനെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി. അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം സൂഫി പരിപ്രേക്ഷ്യത്തിന്റെ വിവിധ ദര്‍ശനങ്ങളാല്‍ സമന്വയിക്കപ്പെട്ടു. ഓണത്തിനും ഈദിനും ക്രിസ്മസിനും അരിയും വിഭവങ്ങളും വിതരണം ചെയ്യുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറി. ഒരു ബഹുസ്വര സമൂഹത്തില്‍ സഹിഷ്ണുതയും സമഭാവനയും കാരുണ്യവും ഉള്‍ക്കൊള്ളുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നാണ് ശിഹാബ് തങ്ങള്‍ കേരള സമൂഹത്തെ പഠിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

