ഇസ്രായേലി ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധനം: അയർലൻഡ് നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: ഫലസ്തീനിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് അയർലൻഡ് പാസ്സാക്കിയ നിയമത്തെ സ്വാഗതം ചെയ്ത് ഖത്തർ. ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരുന്ന സുപ്രധാന ചുവടുവയ്പ്പാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെയും, യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും പരസ്യമായ ലംഘനമാണ് ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണിത്. കൂടുതൽ രാജ്യങ്ങൾ സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫലസ്തീനിലെ അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തേണ്ട നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനുണ്ട്. ഫലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ നിലപാട് മന്ത്രാലയം ആവർത്തിച്ചു. 1967ലെ അതിർത്തി അംഗീകരിച്ചുകൊണ്ട് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയെന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്നും ഖത്തർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

