മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ അധിനിവേശം; പ്രകോപനപരമായ നടപടി അപലപിച്ച് എട്ട് അറബ് -മുസ്ലിം രാജ്യങ്ങൾ
text_fieldsദോഹ: ജറുസലേമിലെ ഇസ്രായേൽ അധിനിവേശത്തെയും അതിക്രമത്തെയും ശക്തമായി അപലപിച്ച് അറബ് -മുസ്ലിം രാജ്യങ്ങൾ. ജറുസലേമിലെ ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിലെ ചരിത്രപരവും നിയമപരവുമായ പദവിയും പ്രാധാന്യവും ഇസ്രായേൽ അധിനിവേശകർ ലംഘിക്കുന്നതായി ഖത്തർ, സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കിയ എന്നീ എട്ടു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കായ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ പൊലീസ് സംരക്ഷണത്തിൽ അൽ അഖ്സ പള്ളിയിലേക്കും പരിസരത്തേക്കും ഇസ്രായേലി കുടിയേറ്റക്കാരും തീവ്രപക്ഷക്കാരായ മന്ത്രിമാരും നടത്തിയ തുടർച്ചയായ കടന്നുകയറ്റങ്ങളെയും അവിടങ്ങളിൽ ഇസ്രായേൽ പതാക ഉയർത്തിയതിനെയും മന്ത്രിമാർ അപലപിച്ചു. ഈ പ്രകോപനപരമായ നടപടികൾ ലോകമെമ്പാടുമുള്ള മുസ് ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും ലംഘനവുമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ പ്രാധാന്യവും നിലവിലെ സ്ഥിതിയും മാറ്റാനുള്ള ശ്രമങ്ങളെ മന്ത്രിമാർ തള്ളിക്കളഞ്ഞു. ഇതിന്റെ പ്രാധാന്യം സംരക്ഷിക്കുന്നതിൽ ജോർഡാൻ വഹിക്കുന്ന പങ്കിനെ അവർ ശരിവെച്ചു. അൽ അഖ്സ പള്ളി മുസ്ലിംകളുടെ ആരാധനക്ക് മാത്രമുള്ളതാണെന്നും, ഇതിന്റെ നടത്തിപ്പിലും നിയന്ത്രണത്തിലും പൂർണ്ണ അവകാശം ജോർഡാനിലെ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജറുസലേം വഖഫ് വിഭാഗത്തിനാണെന്നും മന്ത്രിമാർ വ്യക്തമാക്കി.
പുതുതായി 30ലധികം അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്ക് ഇസ്രായേൽ അനുമതി നൽകിയതിനെയും, വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കും കുട്ടികൾക്കും സ്കൂളുകൾക്കും നേരെ നടക്കുന്ന കുടിയേറ്റക്കാരുടെ അക്രമങ്ങളെയും ശക്തമായി അപലപിച്ചു. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രിമാർ, 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കമമെന്നും ആവർത്തിച്ചു.
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും, ഇസ്രായേലിന്റെ അനധികൃത നടപടികൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

