അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ മന്ത്രിയുടെ അതിക്രമം പ്രകോപനപരം -ഖത്തർ
text_fieldsദോഹ: ഇസ്രായേൽ അധിനിവേശ സർക്കാരിലെ മന്ത്രി, സൈനിക സുരക്ഷയോടെ അൽ അഖ്സ പള്ളിയുടെ മുറ്റത്ത് അതിക്രമിച്ചു കയറിയ സംഭവം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനവും ലോകമെമ്പാടുമുള്ള മുസ് ലിം വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഖത്തർ. ഇസ്രായേൽ നടപടിയിൽ ശക്തമായി അപലപിച്ച ഖത്തർ, ഇത് പ്രകോപനപരമായ നടപടിയാണെന്നും വ്യക്തമാക്കി.
അൽ അഖ്സ പള്ളിയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെ തകർക്കാനുള്ള നീക്കങ്ങളെ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. ജറുസലേമിനോടും അവിടുത്തെ വിശുദ്ധ സ്ഥലങ്ങളോടും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഇസ്രായേലിന്റെ ആവർത്തിച്ചുള്ള നിയമലംഘനങ്ങളെ ശക്തമായി നേരിടണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫലസ്തീൻ വിഷയത്തിലും അവരുടെ അവകാശങ്ങളിലും ഖത്തർ തങ്ങളുടെ നിലപാട് ആവർത്തിച്ചു. നിയന്ത്രണങ്ങളില്ലാതെ മതപരമായ ചടങ്ങുകൾ നിർവഹിക്കാനും, കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ലെ അതിർത്തികളോടെ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശവും ഉറപ്പാക്കണമെന്നും ഖത്തർ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

