ഇസ്രായേൽ ബോംബാക്രമണം: ഗസ്സയിലെ ശൈഖ് ഹമദ് ആശുപത്രിക്കും കേടുപാട്
text_fieldsഗസ്സയിൽ ഖത്തർ നിർമിച്ച ശൈഖ് ഹമദ് ആശുപത്രി ഇസ്രായേൽ ബോംബാക്രമണത്തിൽ നശിച്ച നിലയിൽ
ദോഹ: ഗസ്സയിൽ ഖത്തർ നിർമിച്ച ശൈഖ് ഹമദ് ആശുപത്രിക്കും ഇസ്രായേൽ ബോംബാക്രമണത്തിൽ വൻ കേടുപാട്. ഇതോടെ ആശുപത്രി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ആശുപത്രിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ നടന്ന ഇസ്രായേലിെൻറ നിരന്തര ആക്രമണത്തിലാണ് ആശുപത്രി കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ ട്വിറ്ററിൽ അറിയിച്ചു.
ഗസ്സ പുനർനിർമാണ കമ്മിറ്റി, ഖത്തർ ഫണ്ട് ഫോർ െഡവലപ്മെൻറ് എന്നിവയുടെ സഹകരണത്തിലാണ് പിതാവ് അമീറിെൻറ പേരിലുള്ള ആശുപത്രി ഗസ്സയിൽ സ്ഥാപിച്ചത്. കമ്മിറ്റിയുടെ കീഴിൽ നിരവധി ഡോക്ടർമാരെയാണ് പരിശീലനത്തിനും മറ്റുമായി ആശുപത്രിയിലേക്ക് അയച്ചിരുന്നത്. 2019 ഏപ്രിലിൽ ആണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. ആകെ 12,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ആശുപത്രിയിൽ 100 കിടക്കകൾ ആണുള്ളത്. അന്താരാഷ്ട്ര ഗുണനിലവാരമുള്ള നിരവധി വകുപ്പുകളും ഉണ്ട്. കുട്ടികൾക്കുള്ള പ്രത്യേക ചികിത്സാവിഭാഗവും ഉണ്ട്. പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുനരവധിവാസ പരിശീലന കേന്ദ്രവും ഉണ്ട്. ഇസ്രായേലിെൻറ വിവിധ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന കേന്ദ്രം കൂടിയായിരുന്നു ഇത്.
ചൊവ്വാഴ്ച രാത്രി ഖത്തർ റെഡ്ക്രസൻറിെൻറ ആസ്ഥാനം പ്രവർത്തിക്കുന്ന ഗസ്സയിലെ കെട്ടിടത്തിന് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു. ഈ കെട്ടിടവും നശിച്ചിട്ടുണ്ട്. ഇസ്രായേലിെൻറ ക്രൂരമായ ആക്രമണം നേരിടുന്ന ഫലസ്തീന് അടിയന്തര സഹായമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഒരു മില്യൻ ഡോളർ നൽകുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുടനെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ഫലസ്തീനിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. അധിനിവേശ സേനയുടെ ആക്രമണങ്ങളും സാഹചര്യങ്ങൾ മോശമാക്കി. ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി റെഡ് ക്രസൻറ് സൊസൈറ്റി അടിയന്തര റിലീഫ് കാമ്പയിൻ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് റെഡ്ക്രസൻറ് സൊസൈറ്റി ആസ്ഥാനത്തിനുനേരെ ഇസ്രായേൽ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഗസ്സയിൽ പ്രവർത്തിക്കുന്ന അൽജസീറയുടേതടക്കമുള്ള മാധ്യമസ്ഥാപനങ്ങളുെട ഓഫിസുകളും കഴിഞ്ഞദിവസം ബോംബ് ആക്രമണത്തിൽ തകർത്തിരുന്നു. അൽജസീറ, അസോസിയേറ്റഡ് പ്രസ് (എ.പി), മിഡിൽ ഈസ്റ്റ് ഐ എന്നീ മാധ്യമസ്ഥാപനങ്ങളുെട ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ അൽ ജല കെട്ടിടമാണ് ശനിയാഴ്ച തകർത്തത്.
അതേസമയം, ഫലസ്തീെൻറ അവകാശങ്ങൾക്കു വേണ്ടി തങ്ങൾ ഇനിയും കൂടെയുണ്ടാകുമെന്നും സഹായങ്ങൾ തുടരുമെന്നും ഖത്തർ ഔദ്യോഗിക പ്രതികരണത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

