ഇസ്രായേൽ ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു -പ്രധാനമന്ത്രി
text_fieldsഖത്തർ സാമ്പത്തിക ഫോറം ഉദ്ഘാടന സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കുന്നു
ദോഹ: എഡൻ അലക്സാണ്ടറിന്റെ മോചനത്തിനു ശേഷം പ്രതീക്ഷ നൽകിയ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി. ദോഹയിൽ ചൊവ്വാഴ്ച ആരംഭിച്ച ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ വംശജനായ ഇസ്രായേലി സൈനികൻ എഡൻ അലക്സാണ്ടറുടെ മോചനം സാധ്യമായപ്പോൾ എല്ലാ ദുരന്തകാലങ്ങളും അവസാനിച്ച് ഗസ്സ സമാധാനത്തിലേക്ക് നീങ്ങുന്ന നിമിഷമെന്ന് ചിന്തിച്ചതാണ്. എന്നാൽ, അതിനോടുള്ള ഇസ്രായേൽ പ്രതികരണം കൂടുതൽ രൂക്ഷമായിരുന്നു. ഈ ഉത്തരവാദിത്തമില്ലാത്ത ആക്രമണാത്മക സമീപനം സമാധാനത്തിനുള്ള മുഴുവൻ സാധ്യതയെയും ദുർബലപ്പെടുത്തുന്നു -ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും ഈജിപ്തിനും അമേരിക്കക്കും ഒപ്പം ഖത്തർ മധ്യസ്ഥ ദൗത്യം ആരംഭിച്ചിരുന്നു. ബന്ദിമോചനം സാധ്യമാക്കാനും മാനുഷിക സഹായം കൂടുതലായി ലഭ്യമാക്കാനും വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചു. ഇപ്പോഴും ആ ശ്രമം സജീവമായി തുടരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇരു വിഭാഗങ്ങൾക്കിടയിലെ ഭിന്നതകൾ തടസ്സമായി മാറുന്നു. ഒരു വിഭാഗം ഭാഗികമായി കരാറിന് തയാറാവുമ്പോൾ, മറുവിഭാഗം എല്ലാബന്ദികളെയും മോചിപ്പിച്ച് യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ സന്നദ്ധതയിലെത്തുന്നു. ഈ അടിസ്ഥാനപരമായ ഭിന്നതയിൽ പരിഹാരം കാണാൻ ഇതുവഴി കഴിഞ്ഞില്ല -ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
ഖത്തർ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനി സംസാരിക്കുന്നു
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ നടപടികളെ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചരിത്ര സന്ദർശനത്തെയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. സംഘർഷങ്ങൾക്ക് അവസാനം കുറിച്ച് മേഖലയിലെ ജനങ്ങൾക്ക് മികച്ച ഭാവിയും സുരക്ഷിത ജീവിതവും കെട്ടിപ്പടുക്കാൻ സാഹചര്യമൊരുക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയുടെ ഉപരോധം നീക്കംചെയ്തുകൊണ്ടുള്ള ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം പരാമർശിച്ചുകൊണ്ടായിരുന്നു ഇക്കാര്യം പറഞ്ഞത്.
മൂന്നു ദിവസത്തെ ഖത്തർ സാമ്പത്തിക ഫോറം ഉച്ചകോടി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഉദ്ഘാടനം ചെയ്തു. നാലുവർഷമായി വിജയകരമായി തുടരുന്ന സാമ്പത്തിക ഫോറം വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരുടെയും നയരൂപകർത്താക്കളുടെയും പങ്കാളിത്തംകൊണ്ട് സുപ്രധാന ആഗോള വേദിയായി മാറിയെന്നും അമീർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘നിർണായകമായ സാമ്പത്തിക, രാഷ്ട്രീയ, സാങ്കേതിക വിഷയങ്ങളെക്കുറിച്ചുള്ള ചില ചർച്ചകളും കാഴ്ചപ്പാടുകളും വളരെ താൽപര്യത്തോടെ ശ്രദ്ധിക്കുന്നു. ഫോറത്തിന് എല്ലാവിധ ആശംസകളും നേരുന്നു’’ -അമീർ അറിയിച്ചു.
ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ശരിദ അൽ കഅ്ബി, ധനകാര്യമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സുഊദ് ആൽ ഥാനി, ഖത്തർ എയർവേസ് സി.ഇ.ഒ ബദ്ർ മുഹമ്മദ് അൽ മീർ എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു. വൈകീട്ടു നടന്ന സെഷനിൽ എലോൺ മസ്ക് ഓൺലൈൻ വഴി ചർച്ചയിൽ പങ്കെടുത്തു.
രണ്ടാം ദിനമായ ബുധനാഴ്ച പശ്ചിമേഷ്യ സുരക്ഷയും ആഗോള വിപണിയും, എ.ഐ കാലഘട്ടത്തിലെ സാമ്പത്തിക ആഘാതവും വികസനവും, ക്രിപ്റ്റോ ഇൻവെസ്റ്റർ ഔട്ലുക്ക് തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

