ഇസ്രായേൽ വ്യോമാക്രമണം; രാഷ്ട്രീയ, നിയമ നടപടികൾ സ്വീകരിക്കണം
text_fieldsദോഹ: ഖത്തറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അടിയന്തര രാഷ്ട്രീയ, നിയമ നടപടികൾ സ്വീകരിക്കണമെന്ന് അറബ് നെറ്റ്‌വർക്ക് ഫോർ നാഷനൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ അസംബ്ലി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണമെന്ന് അവർ ചൂണ്ടിക്കാട്ടി. നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി (എൻ.എച്ച്.ആർ.സി) ദോഹയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് ആവശ്യം ഉയർന്നത്. തിങ്കളാഴ്ച ദോഹയിൽ നടന്ന അറബ് -ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇതുപ്രകാരം, യു.എൻ ചാർട്ടർ ആർട്ടിക്കിൾ അഞ്ച് പ്രകാരം ഇസ്രായേലിന്റെ യു.എൻ അംഗത്വം താൽക്കാലികമായി റദ്ദാക്കാനുള്ള നിർദേശത്തെ പിന്തുണക്കണമെന്നും യോഗം ശുപാർശ ചെയ്തു.
ഖത്തറിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. ഇസ്രായേൽ തുടരുന്ന നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ -നയതന്ത്ര സമ്മർദം ചെലുത്തണമെന്നും അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ വേഗത്തിലാക്കണെന്നും യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കോടതികളുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് പറയുന്ന പ്രസ്താവനയിൽ, രാഷ്ട്രീയ സമ്മർദങ്ങളിൽനിന്നും ഭീഷണികളിൽനിന്നും ജഡ്ജിമാരെയും നിയമവിദഗ്ധരെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
ആക്രമണത്തെ ശക്തമായി അപലപിച്ച എൻ.എച്ച്.ആർ.സി ചെയർപേഴ്‌സൻ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ, സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, നയതന്ത്ര സ്ഥാപനങ്ങൾ, നിരവധി കെട്ടിടങ്ങൾ എന്നിവ പ്രവർത്തിക്കുന്ന, ജനസാന്ദ്രതയുള്ള പ്രദേശത്ത് ബോധപൂർവമായ ആക്രമണമാണിതെന്ന് പറഞ്ഞു. ക്രൂരമായ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടുവെന്നും, അതിൽ ഒരാൾ ജോലി നിർവഹിക്കുന്നതിനിടെ വീരമൃത്യു വരിച്ച ആഭ്യന്തര സുരക്ഷാ സേനാംഗമാണെന്നും അവർ കൂട്ടിച്ചേർത്തു. പൊലീസുകാരും സിവിലിയന്മാരും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അവർ അറിയിച്ചു.
ആക്രമണത്തിന്റെ എല്ലാ ലംഘനങ്ങളും എൻ.എച്ച്.ആർ.സി രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അവർ, സാധാരണക്കാർ, പ്രത്യേകിച്ച് കുട്ടികൾ, സ്ത്രീകൾ, ദുർബല വിഭാഗങ്ങൾ എന്നിവർക്കുണ്ടായ മാനസികാഘാതത്തെക്കുറിച്ചും എടുത്തുപറഞ്ഞു. ആക്രമണത്തിൽ നിരവധി സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ 1,000ൽ അധികം വിദ്യാർഥികളുടെ പഠനം തടസ്സപ്പെട്ടു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെയും ബാധിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള ആക്രമണത്തിനെതിരായ അറബ് മനുഷ്യാവകാശ കൂട്ടായ്മകളുടെ പ്രതികരണമാണ് ഈ അടിയന്തര യോഗമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

