യു.എൻ.ആർ.ഡബ്ല്യൂ.എ ആസ്ഥാനത്ത് ഇസ്രായേൽ അതിക്രമം: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം -ഖത്തർ
text_fieldsദോഹ: കിഴക്കൻ ജറൂസലമിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ദുരിതാശ്വാസ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ലു.എ) ആസ്ഥാനത്തിനു നേരെയുള്ള ഇസ്രായേൽ സേനയുടെ അതിക്രമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ. സംഭവത്തിൽ ശക്തമായി അപലപിച്ച ഖത്തർ, ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ നയനിലപാടുകളെയും തീരുമാനങ്ങളെയും ധിക്കരിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. യു.എൻ.ആർ.ഡബ്ല്യൂ.എ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ അതിക്രമം ഫലസ്തീനികളുടെ അവകാശ ലംഘനങ്ങൾക്ക് വഴിയൊരുക്കുന്നതാണ്.
ഫലസ്തീൻ സിവിലിയന്മാർക്കുനേരെ ഇസ്രായേൽ തുടരുന്ന നിയന്ത്രണങ്ങളുടെയും ഉപരോധത്തിന്റെയും തുടർച്ചയാണിത്. ദുരിതബാധിതരായ ഫലസ്തീനികളുടെ അവകാശങ്ങളും നിയമപരമായ ഉത്തരവാദിത്തവും സംരക്ഷിക്കുന്നതിനായി യു.എൻ.ആർ.ഡബ്ല്യു.എയുടെ സേവനങ്ങൾക്കും മാനുഷിക പ്രവർത്തനങ്ങൾക്കും ഖത്തർ പൂർണ പിന്തുണ അറിയിച്ചു. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രത്തിനുള്ള പിന്തുണയും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

