‘ഇസ്രായേൽ വഞ്ചക രാഷ്ട്രം, ചർച്ചക്ക് വിളിച്ചവരെ ആക്രമിക്കുന്നു’ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ
text_fieldsന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
ദോഹ: ഇസ്രായേൽ വഞ്ചകരാഷ്ട്രമെന്നും ചർച്ചക്ക് വിളിച്ചവരെ ആക്രമിക്കുന്നതിലൂടെ തങ്ങളെയും ജനങ്ങളെയും വഞ്ചിക്കുകയാണ് ചെയ്തതെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി പൊതുചർച്ചയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇസ്രായേലിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ഭരണകൂട ഭീകരത തന്നെയെന്ന് ആവർത്തിച്ച അമീർ സഹിഷ്ണുതയെ ബലഹീനതയായി കണക്കാക്കരുതെന്നും പറഞ്ഞു.
ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഭരണകൂട ഭീകരതയുമാണ്. അയൽരാജ്യങ്ങളെ ശത്രക്കളായാണ് ഇസ്രായേൽ കാണുന്നത്. നിരവധി കരാറുകളിലൂടെ സമാധാനത്തിനായി പ്രതിജ്ഞാബദ്ധരായ രാജ്യങ്ങളാണ് ഇസ്രായേലിന് ചുറ്റുമുള്ളത്. എന്നാൽ തങ്ങളുടെ ഇംഗിതത്തെ എതിർക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഇസ്രായേൽ ആക്രമണത്തെ പരാമർശിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങളെ എല്ലാവരും മാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിയമങ്ങൾ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും മനുഷ്യന്റെ അന്തസ്സിനെയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും മാനിക്കുന്നതിനും വേണ്ടിയുള്ളതാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ജനങ്ങളുടെ നേട്ടത്തിനായി സഹകരിക്കുകയും വേണം. ഈ ലംഘനങ്ങൾ തുടരാൻ അനുവദിച്ചാൽ, അത് കാടത്ത നിയമങ്ങളെ അനുവദിക്കുന്നതിന് തുല്യമാകും -ഖത്തർ അമീർ പറഞ്ഞു.
ദോഹയിലെ ഹമാസിന്റെ പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഖത്തർ അമീർ വിമർശിച്ചു. സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളും ഉൾപ്പെടുന്ന ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. ഗസ്സയിലെ ജനങ്ങൾക്കെതിരായ വംശഹത്യ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ നീക്കമാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയെ വാസയോഗ്യമല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റ് നിരവധി രാഷ്ട്രത്തലവന്മാരും ഇസ്രായേലിനെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. 700 ദിവസത്തിലേറെയായി ഗസ്സയിൽ വംശഹത്യ തുടരുകയാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. നമ്മൾ ഇവിടെ ഒത്തുകൂടുമ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ഇസ്രായേൽ ഗസ്സയിലെ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രൂക്ഷമായി പ്രതികരിച്ച ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ഗസ്സയിൽ പട്ടിണി യുദ്ധായുധമായി ഉപയോഗിക്കുന്നതായും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് തുടരുകയാണെന്നും വിശദമാക്കി. ഞായറാഴ്ചയാണ് ജനറൽ അസംബ്ലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ അമേരിക്കയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി അടങ്ങുന്ന ഔദ്യോഗിക സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. നേരത്തെ, ആക്രമണം യു.എൻ രക്ഷാസമിതിയിൽ ചർച്ച ചെയ്തിരുന്നു. യു.എസ് അടക്കമുള്ള എല്ലാ രാഷ്ട്രങ്ങളും ഇസ്രായേലിനെ തള്ളുന്ന നിലപാടാണ് സമിതിയിൽ സ്വീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

