ഇസ്രായേൽ–ഹമാസ് വെടിനിർത്തൽ, നിർണായകമായി ഖത്തർ നിലപാടുകൾ
text_fieldsഅൽജസീറയുടെ ഗസ്സ റിപ്പോർട്ടർ റിപ്പോർട്ടർ യുംന അൽസെയ്ദ് ജോലിക്കിടെ. ലൈവ് റിപ്പോർട്ടിങ്ങിനിടെ സമീപത്ത് ഇസ്രായേൽ ബോംബുകൾ പതിക്കുന്നതും ഇതിൻെറ വിഡിയോയിൽ കാണാം
ദോഹ: നീണ്ട 11 ദിവസത്തിന് ശേഷം ഇസ്രായേലും ഹമാസും വെടിനിർത്തിയതോടെ സമാധാനപ്രേമികൾക്ക് താൽക്കാലിക ആശ്വാസം. തുടക്കംമുതൽ തന്നെ ഖത്തറിൻെറ നേതൃത്വത്തിലും നടന്ന വിവിധ നീക്കങ്ങളും വെടിനിർത്തലിലേക്ക് നീങ്ങിയതിൽ നിർണായകഘടകമായി. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപ്പെടെ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 12 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ മലയാളി നഴ്സായ സൗമ്യയും ഉൾെപ്പടും. പ്രശ്നത്തിൻെറ തുടക്കം മുതൽ ഖത്തറുമായി വിവിധ രാഷ്ട്ര നേതാക്കൾ ഇടെപട്ടിരുന്നു.
യു.എൻ. അടിയന്തര ജനറൽ അസംബ്ലിയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ആൽഥാനി സംസാരിക്കുന്നു
ഇസ്രായേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ വിവിധ രാഷ്ട്ര നേതാക്കൾ ഖത്തറുമായി ബന്ധപ്പെട്ടിരുന്നു. ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ വിവിധ രാഷ്ട്രനേതാക്കൾ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ജർമനിയുടെ വിദേശകാര്യമന്ത്രി ഹെയ്കു മാസ്, ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്നോ മർസുദി, ജോർഡൻ അധികൃതർ എന്നിവർ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദുമായി തുർക്കി അസംബ്ലി സ്പീക്കർ മുസ്തഫ സെൻതോപ് ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിലിയിരുത്തിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ ഖത്തറിൻെറ നിലപാടിൽ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും വ്യക്തമാക്കിയിരുന്നു.
ഖത്തറിൻെറ കീഴിലെ ഗസ്സ പുനർനിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായവിതരണം നടത്തുന്ന ഓഫിസ്
ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ നൽകണമെന്നതാണ് ഖത്തറിൻെറ എക്കാലത്തെയും നിലപാട്.ഇസ്രായേൽ തുടരുന്ന അധിനിവേശവും ജൂതവത്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമാണ് നിലവിലുള്ള സംഘർഷങ്ങളുടെ കാരണമെന്നും ഖത്തർ വിവിധ വേദികളിൽ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഫലസ്തീനികളുടെ വംശഹത്യയാണ് നടക്കുന്നതെന്നും വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തരനടപടികൾ വേണമെന്ന് ഖത്തർ ഐക്യരാഷ്ട്രസഭയിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മിഡിൽ ഇൗസ്റ്റിലെ പ്രത്യേകസാഹചര്യത്തിൻെറ പശ്ചാത്തലത്തിൽ ചേർന്ന യു.എൻ. അടിയന്തര ജനറൽ അസംബ്ലിയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച പ്രാദേശികസമയം പുലർച്ച രണ്ടുമണിയോടെയാണ് ഇരുകൂട്ടരും പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിൽവന്നത്. പരസ്പരധാരണയോടെയാണ് ഇതെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു. ഈജിപ്ത്, ഖത്തർ, ഐക്യരാഷ്ട്രസഭ എന്നിവയുടെ മധ്യസ്ഥ ശ്രമങ്ങളാണ് െവടിനിർത്തലിലേക്ക് അടുപ്പിച്ചതെന്ന് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വർഷങ്ങളായി ഗസ്സയിൽ ഖത്തറിൻെറ നേതൃത്വത്തിൽ ഗസ്സ പുനർനിർമാണ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിവിധ കാലങ്ങളിൽ ഇസ്രായേൽ അതിക്രമങ്ങളിൽ തകർന്ന ഗസ്സയുടെ സമൂലനവീകരണം ലക്ഷ്യമിട്ടാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഇസ്രായേലിൻെറ നരമേധത്തിനെതിരായ ഗൾഫിലെ ചലനങ്ങളുടെ കേന്ദ്രമായി ഖത്തർ മാറിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഫലസ്തീന് ഐക്യദാർഢ്യവുമായി ആയിരങ്ങളാണ് ഖത്തറിൽ ഒത്തുകൂടിയത്. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ് ബാനറുകളും ഫലസ്തീൻ കൊടികളുമേന്തി ഇമാം അബ്ദുൽ വഹാബ് പള്ളി (ഗ്രാൻഡ് മോസ്ക്) പരിസരത്ത് സംഗമിച്ചത്.
വൈകീട്ട് ഏഴിന് തുടങ്ങിയ ഐക്യദാർഢ്യ സംഗമം രാത്രി പത്തു വരെ നീണ്ടു. നൂറുകണക്കിന് ഖത്തരികളും വിദേശികളും പങ്കെടുത്തു. ഹമാസിൻെറ രാഷ്ട്രീയകാര്യ മേധാവി ഡോ. ഇസ്മായിൽ ഹനിയ്യയും ആഗോള മുസ്ലിം പണ്ഡിതസഭ ജനറൽസെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.
ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനത്തിനു നേരെയും ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. റെഡ്ക്രസൻറ് സൊസൈറ്റി വഴി അനേകം ലോകരാജ്യങ്ങൾക്കാണ് വിവിധ സഹായങ്ങൾ ഖത്തർ എത്തിക്കുന്നത്. തങ്ങളുടെ ആസ്ഥാനം നിലനിന്ന കെട്ടിടം തകർത്തതിന് ശേഷവും ഫലസ്തീനിൽ ജീവകാരുണ്യ ആരോഗ്യസേവനങ്ങൾ നൽകുന്നത് തുടരുമെന്നാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി വ്യക്തമാക്കിയിരുന്നത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിൻെറ കൃത്യമായ വിവരങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നത് ദോഹ ആസ്ഥാനമായുള്ള 'അൽ ജസീറ' ചാനൽ ആണ്.ഗസ്സ സിറ്റിയിലെ അൽജസീറ റിപ്പോർട്ടർ യുംന അൽസെയ്ദ് അതിസാഹസികമായാണ് ബോംബ് ആക്രമണത്തിൻെറ തൽസമയ റിപ്പോർട്ടിങ് നടത്തുന്നത്. ഇവർ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേലിൻെറ ബോംബുകൾ തൊട്ടടുത്ത് പതിച്ചിരുന്നു. ഇതിൻെറ ശബ്ദവും തുടർന്നുള്ള സംഭവങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
കഴിഞ്ഞ ദിവസം ചാനലിൻെറയും അസോസിയേറ്റഡ് പ്രസ് (എ.പി) ന്യൂസ് ഏജൻസിയുടേയും ഗസ്സയിലെ ഓഫിസുകളും ഇസ്രായേൽ തകർത്തിരുന്നു. ഇസ്രായേൽ ആക്രമണത്തിൻെറ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനാൽ അൽജസീറക്ക് യു ട്യൂബ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വിലക്ക് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

