മഹാനഗരി കീഴടക്കി ഇസ്മയിലിെൻറ വീൽചെയർ
text_fieldsദുബൈ എക്സ്പോയിലെ ബെൽജിയം പവലിയന് മുന്നിൽ ഇസ്മയിൽ
ഷിഹാബ് അബ്ദുൽകരീം
ദുബൈ: എക്സ്പോ 2020യിലെ എല്ലാ പവലിയനുകളും കണ്ടുതീർത്ത എത്രപേരുണ്ട് ദുബൈയിൽ. വളരെ ചുരുക്കം എന്നായിരിക്കും ഉത്തരം.
എന്നാൽ, തൃശൂർ കൈപ്പമംഗലം ചാമക്കാല പള്ളിപ്പറമ്പിൽ ഇസ്മയിലിെൻറ വീൽചെയർ ഉരുണ്ടെത്തിയത് 215 പവലിയനുകളിലാണ്. 191 രാജ്യങ്ങളുടെ പവലിയനുകൾക്ക് പുറമെ എക്സ്പോയുടെയും മറ്റ് സ്വതന്ത്ര പവലിയനുകളും വീൽ ചെയറിൽ കീഴടക്കിയിരിക്കുകയാണ് ഇസ്മയിൽ. നിലപാടിെൻറ പേരിൽ ഒഴിച്ചിട്ട ഇസ്രായേൽ പവലിയൻ ഒഴികെ എക്സ്പോ മുഴുവൻ കണ്ടു തീർത്ത സംതൃപ്തിയിലാണ് ലോക സഞ്ചാരി കൂടിയായ ഇസ്മയിൽ.
10 വർഷം മുമ്പ് ഖത്തറിലെ താമസ സ്ഥലത്തുണ്ടായ അപകടമാണ് ഇസ്മയിലിനെ വീൽചെയറിലാക്കിയത് താമസ സ്ഥലത്തെ കൂറ്റൻ ഗേറ്റിെൻറ ക്ലാമ്പ് ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. നട്ടെല്ലൊടിഞ്ഞ് അരക്ക് താഴേക്ക് തളർന്ന് ആശുപത്രിയിലായിരുന്നു. ആരും മാനസീകമായി തളർന്നുപോകുന്ന സന്ദർഭത്തിൽ നിന്നാണ് ആത്മവിശ്വാസം മുറുകെ പിടിച്ച് ഇസ്മയിൽ ഉയിർത്തെഴുന്നേറ്റത്. ഒരു വർഷത്തിനുശേഷം ഖത്തറിൽ തന്നെ ജോലിക്ക് തിരികെ കയറി.
ഈ സ്ഥാപനത്തിൽനിന്ന് കിട്ടുന്ന ശമ്പളം ഉപയോഗിച്ചാണ് ഇസ്മയിലിെൻറ ലോക സഞ്ചാരം.
ലോകം മുഴുവൻ കാണണമെന്നാണ് അവെൻറ ആഗ്രഹം. അതുകൊണ്ടാണ് ലോകത്തിെൻറ ചെറുപതിപ്പായ എക്സ്പോയിലേക്ക് പറന്നെത്തിയത്. ഫെബ്രുവരി 14നാണ് ദുബൈയിൽ എത്തിയത്. ഒരുമാസത്തിനിടെ 20 ദിവസവും എക്സ്പോയിലുണ്ടായിരുന്നു. സുഹൃത്ത് റംസിലിനൊപ്പം ഡി.ഐ.പിയിലാണ് താമസം. രാവിലെ കുളിച്ചൊരുങ്ങി ഡി.ഐ.പി മെട്രോ സ്റ്റേഷനിൽനിന്ന് എക്സ്പോയിലേക്ക് വണ്ടികയറും. എക്സ്പോയിലെത്തുന്നതോടെ വീൽചെയറിന് ചിറകുമുളക്കും. ഓരോ രാജ്യങ്ങളിലേക്ക് പറക്കും. എക്സ്പോയിൽനിന്ന് ലഭിക്കുന്ന പ്രത്യേക 'പാസ്പോർട്ടി'ൽ 215 പവലിയനുകളുടെയും സീലുണ്ട്.
ആദ്യമായാണ് ദുബൈയിൽ എത്തുന്നത്. കോവിഡ് എത്തിയശേഷം വർക്ക് ഫ്രം ഹോം ആയതിനാൽ ദുബൈയിലാണെങ്കിലും ജോലി തുടരുന്നുണ്ട്. ഖത്തറിലെ ഡിസൈൻ കൺസൾട്ടൻസിയിലാണ് ജോലി.
ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറും ഫ്രെയിമും സന്ദർശിച്ചിരുന്നു. നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്ക് യു.എ.ഇ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ഇസ്മയിൽ പറയുന്നു. പൊതുഗതാഗത സംവിധാനങ്ങളിലും എക്സ്പോയിലുമെല്ലാം പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ മറ്റേതൊരു രാജ്യത്തേക്കാളും മുന്നിലാണ് യു.എ.ഇയെന്നും ഇസ്മയിൽ പറഞ്ഞു.
സഞ്ചാരപ്രിയനായ ഇസ്മയിലിെൻറ വീൽചെയർ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് ഉരുണ്ടെത്തിയിട്ടുണ്ട്. ഒമാൻ, സൗദി, സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം എത്തി. തിങ്കളാഴ്ച അബൂദബിയിൽനിന്ന് സെർബിയക്ക് പറക്കും. ഖത്തർ ലോകകപ്പിലെ സുപ്രീം കമ്മിറ്റിയുടെ വളന്റിയറാണ്. 2020ൽ ലൂസാനിൽ നടന്ന വിന്റർ ഒളിമ്പിക്സിലെ വളന്റിയറായി. അവിടെ നിന്ന് 650 കിലോമീറ്റർ സഞ്ചരിച്ച് ജനീവയിലും പാരിസിലുമെത്തി. ബസിലും ട്രെയിനിലും വിമാനത്തിലും റെൻറ് കാറിലുമാണ് യാത്ര.
കോവിഡിൽനിന്നുള്ള മാനസിക മോചനത്തിനായി അടുത്തിടെ ഇന്ത്യ മുഴുവൻ കറങ്ങിയിരുന്നു. ചെനൈ വരെ വിമാനത്തിലായിരുന്നു യാത്ര. അവിടെ നിന്ന് ഹൈദരാബാദ്, ഡെൽഹി, ആഗ്ര, ഗ്വാളിയോർ, സിംല, ലഡാക്ക്, ശ്രീനഗർ, ജയ്പൂർ തുടങ്ങിയ നഗരങ്ങൾ സഞ്ചരിച്ചു. സ്പോർട്സ് താരം കൂടിയാണ്. ഖത്തറിൽ നടന്ന ഹാൻഡ്ബാൾ, ടേബ്ൾ ടെന്നിസ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് രണ്ടാം സ്ഥാനം നേടി.