ഇറാന്റെ ആക്രമണം; ഖത്തറിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ ജാഗ്രതാ നിർദേശം
text_fieldsദോഹ: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസ്. മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ വിവരങ്ങളിൽ അധികൃതർ വ്യക്തത വരുത്തി.
പ്രധാനമായും നാല് കാര്യങ്ങളിലാണ് അധികൃതർ വ്യക്തത വരുത്തിയത്. മാർച്ച് ഒന്നിന് ദോഹ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചു എന്ന വാർത്ത തെറ്റായ പ്രചാരണമാണെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും അധികൃതർ വിശദമാക്കി.
ഒരു മിസൈൽ പ്രതിരോധ പ്രവർത്തനത്തിനിടെ ചിതറിത്തെറിച്ച ഭാഗങ്ങൾ വീണതിനെത്തുടർന്ന് ഇൻഡസ്ട്രിയൽ ഏരിയയിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായി. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ടതിനാൽ അത് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഭക്ഷ്യോത്പാദന ഫാക്ടറിക്ക് നേരെയുള്ള ആക്രമണം: ഇറാനിയൻ ഡ്രോണുകൾ ഖത്തറിലെ ഒരു ഭക്ഷ്യോത്പാദന ഫാക്ടറിയിൽ ആക്രമണം നടത്തി എന്ന പ്രചരണം വാസ്തവവിരുദ്ധമാണ്. രാജ്യത്തെ ഒരു ഭക്ഷ്യോത്പാദന കേന്ദ്രത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രങ്ങൾ ഖത്തറിൽ നിന്നുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി.
ദോഹയിലെ ഷെറാട്ടൺ ഹോട്ടലിന് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന വാർത്തയും തെറ്റാണെന്നും ഹോട്ടലിനെ ലക്ഷ്യമിട്ടുള്ള ഒരു നീക്കവും നടന്നിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇത്തരം വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

