ഇറാൻ റെവലൂഷനറി ഗാർഡിന്‍റെ ചാരസംഘം ഖത്തറിൽ പിടിയിൽ
text_fieldsദോഹ: ഖത്തറിൽ ഇറാൻ റെവലൂഷനറി ഗാർഡിന്‍റെ (ഐ.ആർ.ജി.സി) ചാരസംഘം പിടിയിൽ. രണ്ട് സെല്ലുകളായി പ്രവർത്തിക്കുന്ന പത്തുപേരെയാണ് സുരക്ഷസേന പിടികൂടിയത്.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കൃത്യമായ നിരീക്ഷണ, ട്രാക്കിങ് പ്രവർത്തനങ്ങളുടെ ഫലമായാണ് പത്തുപേരെയും പിടികൂടാൻ കഴിഞ്ഞത്. അവരിൽ ഏഴ് പേർ രാജ്യത്തിന്റെ സൈനിക, അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ചാരവൃത്തി ദൗത്യങ്ങൾക്കായി ചുമതലപ്പെടുത്തിയിരുന്നവരും കൂടാതെ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ടവരുമായിരുന്നു. ഇതിൽ മൂന്ന് പേർ ഡ്രോണുകളുടെ ഉപയോഗത്തിൽ പരിശീലനം നേടിയവരാണ്.
അവരുടെ കൈവശമുള്ള ആശയവിനിമയ ഉപകരണങ്ങളും സാങ്കേതിക ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.
ഇറാൻ റെവലൂഷനറി ഗാർഡുമായുള്ള ബന്ധം പിടികൂടിയ പ്രതികൾ സമ്മതിക്കുകയും ചാരവൃത്തിയും അട്ടിമറി ദൗത്യങ്ങളും നടത്താൻ അവരെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും ഏതെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികാരികളെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

