ഖത്തറിനുനേരെ വീണ്ടും ആക്രമണം; 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്
text_fieldsദോഹ: മേഖലയിലെ സംഘർഷം അനിശ്ചിതമായി തുടരുന്നതിനിടെ ഖത്തറിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. പശ്ചിമേഷ്യയെ ആശങ്കയിലാക്കി വ്യാഴാഴ്ച ഉച്ചക്ക് 11.50 ഓടെയാണ് തുടർച്ചയായി ആക്രമണമുണ്ടായത്. 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളുമാണ് ഖത്തറിനുനേരെ ഇറാൻ തൊടുത്തുവിട്ടത്. ഇതിൽ 13 മിസൈലുകളും നാല് ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഒരു മിസൈൽ ഖത്തറിന്റെ പ്രാദേശിക ജലാതിർത്തിയിലാണ് പതിച്ചത്.
ആക്രമണത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം വിശദമാക്കി. ദോഹ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും യു.എസ് എംബസിയുടെ സമീപമുള്ള പ്രദേശങ്ങളിലുമായി ഒരു ഡസനിലധികം ആക്രമണ ശ്രമങ്ങളുണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. സുരക്ഷ കണക്കിലെടുത്ത് നേരത്തേ ഖത്തറിലെ യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ആഭ്യന്തര മന്ത്രാലയം മാറ്റിപാർപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോൺസുലേറ്റും താൽക്കാലികമായി അടച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കണക്കിലെടുത്ത് ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ളവരെ മാറ്റിതാമസിപ്പിച്ചത്.
ആക്രമണത്തിനു പിന്നാലെ, പൊതുജനങ്ങൾ താമസസ്ഥലത്ത് തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങൾക്ക് അടിയന്തര മൊബൈൽ സന്ദേശം നൽകിയിരുന്നു. പൗരന്മാരും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്നും അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, ഖത്തറിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന ഇറാന്റെ വാദം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി നിരാകരിച്ചു. ബുധനാഴ്ച രാത്രി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗിചിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഇറാന്റെ വാദങ്ങളെ അദ്ദേഹം തള്ളിയത്.
ഇറാൻ ആക്രമണം സംഘർഷം അവസാനിപ്പിക്കാനുള്ള ആഗ്രഹത്തെ അല്ല സൂചിപ്പിക്കുന്നതെന്നും മറിച്ച്, അയൽരാജ്യങ്ങളെ ദ്രോഹിക്കാനും അവരെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുമാണ് ശ്രമിക്കുന്നത്. യുദ്ധത്തിൽ നിന്ന് അകന്നു നിൽക്കുന്ന മേഖലയിലെ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും അവരുടെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

