ഇറാൻ ആക്രമണം; പ്രത്യാഘാതങ്ങളെക്കുറിച്ച് യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു -ഊർജ സഹമന്ത്രി
text_fieldsഖത്തർ എനർജിയുടെ എൽ.എൻ.ജി ഉൽപാദന കേന്ദ്രം (റോയിട്ടേഴ്സ്)
ദോഹ: ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എണ്ണ -വാതക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ബിൻ ഷെരീദ അൽ കഅബി. ലോകത്തിലെ ഏറ്റവും വലിയ എൻ.എൻ.ജി ഉൽപാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്കു നേരെ ഇറാൻ ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരുന്നതായി റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പങ്കാളികളായ എണ്ണ -വാതക കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരോടും യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റിനോടും പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. എണ്ണ -വാതക കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അവരെ ഓർമപ്പെടുത്തിയിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാനം ഇറാനെതിരെ യു.എസും ഇസ്രായേലും യുദ്ധം ആരംഭിച്ചതുമുതൽ, ടാങ്കറുകളെയും റിഫൈനറികളെയും മറ്റ് പ്രധാന ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടിട്ടുണ്ട്. ബുധനാഴ്ച സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, കുവൈത്ത്, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെ ഇറാൻ ആക്രമണങ്ങളുണ്ടായി. ഈ ആക്രമണം എൽ.എൻ.ജി വിതരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി ശേഷിയുടെ 17 ശതമാനം നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.എൻ.ജിയുടെ കോൾഡ് ബോക്സ് നശിപ്പിക്കപ്പെട്ടു. വാതകത്തെ ദ്രാവകമാക്കി മാറ്റുന്നതിനായി ശുദ്ധീകരിക്കുകയും തണുപ്പിക്കുകയും ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ആക്രമണത്തിന്റെ സാഹചര്യത്തിൽ നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതി ഒരു വർഷത്തിലധികം വൈകിയേക്കാമെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ സഅദ് ബിൻ ഷെരീദ അൽ കഅബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

