ഇറാൻ ആക്രമണം പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം; യു.എൻ സുരക്ഷ കൗൺസിലിന് കത്തയച്ചു
text_fieldsദോഹ: ഖത്തറിനു നേരെ ഇറാൻ നടത്തിയ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഖത്തർ വീണ്ടും ഐക്യരാഷ്ട്രസഭയെ സമീപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇറാന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസിനും ഏപ്രിൽ മാസത്തെ സുരക്ഷാ കൗൺസിൽ പ്രസിഡന്റായ ജമാൽ ഫാരിസ് അൽ റുവൈഹിക്കും ഖത്തർ ഔദ്യോഗിക കത്ത് നൽകി.
യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഇതുസംബന്ധിച്ച കത്ത് കൈമാറിയത്. വിഷയത്തിൽ ഖത്തർ അയക്കുന്ന പതിനാലാമത്തെ ഔദ്യോഗിക കത്താണിത്. ഇറാൻ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ലംഘനവും സുരക്ഷക്കും പ്രദേശിക സമഗ്രതക്കും നേരിട്ടുള്ള ഭീഷണിയാണ്. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന നടപടിയുമാണ്.
ഏപ്രിൽ 8 ന് ഇറാന്റെ ഭാഗത്തുനിന്നും ഏഴ് ബാലസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ച് ഖത്തറിനു നേരെ ആക്രമണമുണ്ടായതായി കത്തിൽ പരാമർശിച്ചു. എന്നാൽ, ഖത്തർ സായുധ സേന ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു.
സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചാണ് ആക്രമണങ്ങളുണ്ടായത്. 1949 ലെ ജനീവ കൺവെൻഷന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ നടപടികളെ അപലപിച്ചുകൊണ്ടും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുമുള്ള സുരക്ഷാ കൗൺസിലിന്റെ പ്രമേയം നിലനിൽക്കെയാണ് പ്രകോപനമുണ്ടായത്. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്നും, അത് നടപ്പാക്കാൻ രാജ്യം മടിക്കില്ലെന്നും യു.എന്നിന് നൽകിയ കത്തിൽ ആവർത്തിച്ചു.
മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും ഇറാന്റെ നീക്കങ്ങൾ വലിയ ഭീഷണിയാണെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ മൂലമുണ്ടായ നഷ്ടങ്ങൾ വിലയിരുത്തി വരുകയാണെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സുരക്ഷാ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഗുരുതരമായ നിയമ ലംഘനങ്ങൾ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

