ദോഹ പുസ്തകമേളയിൽ നിറസാന്നിധ്യമായി ഐ.പി.എച്ച്
text_fieldsഔഖാഫ്-മതകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽ ഥാനി ഐ.പി.എച്ച് പവലിയൻ സന്ദർശിച്ചപ്പോൾ
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിന്റെ നിറസാന്നിധ്യമറിയിച്ച് ഐ.പി.എച്ച് പവലിയൻ ശ്രദ്ധേയമാവുന്നു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച സമാപിക്കുന്ന മേളയിലെ ഏക മലയാള പങ്കാളിത്തമാണ് എച്ച് ത്രീ-58 പവലിയനിലുള്ള ഐ.പി.എച്ച്.സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുർറഹ്മാൻ ബിൻ ഹമദ് ആൽ ഥാനി, ഔഖാഫ്-മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽ ഥാനി, സിറിയൻ സാംസ്കാരിക മന്ത്രി മുഹമ്മദ് യാസീൻ അൽ സാലിഹ്, ഖത്തരി ഓദേഴ്സ് ഫോറം ഡയറക്ടർ ഡോ. ആയിശ ജാസിം അൽകുവാരി, അർജന്റീന അംബാസഡർ ഗ്വിലെർമോ ലൂയിസ് നിക്കോളാസ്, കമ്യൂണിറ്റി പ്രതിനിധികൾ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഐ.പി.എച്ച് സ്റ്റാൾ സന്ദർശിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ പാലേരി, ഐ.പി.എച്ച് മാനേജർ സിറാജ്, ഫർഹാൻ തുടങ്ങിയവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുസ്തകപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് സിറാജ് പറഞ്ഞു. ഐ.പി.എച്ചിന്റെ പ്രസാധനത്തിലുള്ള പുസ്തകങ്ങൾക്ക് പുറമെ ഡി.സി, മാതൃഭൂമി, പ്രതീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദർ ബുക്സ്, മാധ്യമം ബുക്സ്, യുവത ബുക്സ് തുടങ്ങിയവയുടേതടക്കം അറുന്നൂറിലധികം മലയാള പുസ്തകങ്ങൾ ലഭ്യമാണ്. ഇസ്ലാമിക വിജ്ഞാനകോശം, തഫ്ഹീമുൽ ഖുർആൻ, ഹദീസ്, ചരിത്രം, ഫലസ്തീൻ, കുടുംബം തുടങ്ങിയ പാക്കേജുകളിലായി പുസ്തകങ്ങൾ മികച്ച വിലയിൽ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ മലയാളി പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളും ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.