ചരിത്രത്തിലേക്ക് മിഴിതുറക്കുന്ന ‘സിനിമാക്കഥ’കളുമായി ഇൻതാജ്
text_fieldsമഷീരിബ് ഡൗൺടൗണിലെ സിക്കത്ത് വാദിയിൽ നടക്കുന്ന ഇൻതാജ് എക്സിബിഷനിൽ നിന്ന്
ദോഹ: ഖത്തറിലെ സിനിമ, ടി.വി, നാടക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘ഇൻതാജ്’ പ്രദർശനം മഷീരിബ് ഡൗൺടൗണിലെ സിക്കത്ത് വാദിയിൽ പുരോഗമിക്കുന്നു. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ) സംഘടിപ്പിക്കുന്ന പ്രദർശനം ജനുവരി 22ന് സമാപിക്കും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയുമാണ് പ്രദർശന സമയം.
സിനിമ, ടി.വി, തിയറ്റർ അടിസ്ഥാനമായുള്ള കലാരൂപങ്ങളുടെ വികാസവും ആധുനിക സംസ്‌കാരത്തിൽ അതുചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കാൻ ഉതകുന്ന രീതിയിലാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. നാടകം, ടി.വി, സിനിമ എന്നിവയിൽ ഖത്തറിന്റെ പാരമ്പര്യം അടയാളപ്പെടുത്തുന്നതോടൊപ്പം സാംസ്കാരിക മികവിന്റെ കേന്ദ്രമെന്ന നിലയിൽ ഖത്തർ കൈയാളുന്ന സവിശേഷ സ്ഥാനവും പ്രതിഫലിപ്പിക്കുന്നതാണ് ‘ഇൻതാജ്’ എന്ന് ഡി.എഫ്.ഐ സി.ഇ.ഒ ഫത്മ ഹസൻ അൽറെമൈഹി പറഞ്ഞു. ടേക്കിങ് സെന്റർ സ്റ്റേജ്, ട്യൂൺഡ് ഇൻ, എ ഫോക്കസ് ഓൺ ഫിലിം മേക്കിങ്, ദ ഇന്ററാക്ടീവ് ഏജ് ഓഫ് സ്റ്റോറി ടെല്ലേഴ്‌സ് ഗാലറി, സ്റ്റോറി ഓഫ് സിനിമ എന്നിങ്ങനെ പ്രദർശനത്തെ പല ഗാലറികളായി തിരിച്ചിട്ടുണ്ട്.
ഖത്തറിന്റെ നാടകവേദിയുടെ ഉയർച്ചയെ വിവരിക്കുന്നതാണ് ടേക്കിങ് സെന്റർ സ്റ്റേജ്. ഖത്തറിലെ ടി.വി വ്യവസായത്തെ സൂചിപ്പിക്കുന്നതാണ് ട്യൂൺഡ് ഇൻ. 1950കളിൽ മിതമായ 16 എം.എം ഫിലിം തിയറ്ററുകളിൽ തുടങ്ങി വികാസം പ്രാപിച്ച, രാജ്യത്തിന്റെ സമ്പന്നമായ സിനിമാചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ് ‘എ ഫോക്കസ് ഓൺ ഫിലിം മേക്കിങ്’. പ്രാദേശിക കലാകാരന്മാരിൽനിന്നുള്ള പ്രചോദനാത്മക സൃഷ്ടികളുടെ ഇടമായാണ് ദ ഇന്ററാക്ടീവ് ഏജ് ഓഫ് സ്റ്റോറിടെല്ലേഴ്‌സ് സംവിധാനിച്ചിരിക്കുന്നത്.
1925ലെ സിനിമ ടിക്കറ്റ്, 1960ലെ സിനിമ പോസ്റ്ററുകൾ, 1942ലെ ഓസ്‌കർ ട്രോഫി, ഏകദേശം 1880കളിലെ കൈസർ പനോരമ എന്നിവയടക്കം സിനിമയുടെ പഴയ കാലങ്ങളിലേക്ക് വെളിച്ചം വീശുന്ന പലതും എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നു. പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. സാംസ്കാരിക മന്ത്രാലയം, മഷീറബ് പ്രോപ്പർട്ടീസ്, ഖത്തർ മ്യൂസിയം എന്നിവയുടെ പങ്കാളിത്തത്തിൽ സംഘടിപ്പിക്കുന്ന എക്സിബിഷന്റെ ക്യൂറേറ്റർ ശൈഖ് ഖലീഫ അബ്ദുല്ല ആൽഥാനിയാണ്. ഖത്തർ മീഡിയ കോർപറേഷനാണ് മീഡിയ പാർട്ണർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

