യു.എൻ സാമൂഹിക വികസന സമിതി; വികസന വെല്ലുവിളി നേരിടാൻ അന്താരാഷ്ട്ര ഐക്യദാർഢ്യം –ഖത്തർ
text_fieldsഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന സാമൂഹിക വികസന സമിതിയുടെ മന്ത്രിതല ചർച്ചയിൽ ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻനാസർ അൽ മിസ്നെദ് സംസാരിക്കുന്നു
ദോഹ: വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ചുറ്റുമുള്ള അപകടങ്ങളിൽ നിന്നും ദുരന്തങ്ങളിൽനിന്നും മനുഷ്യസമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള ആഗോള ഐക്യദാർഢ്യത്തിനായി ഖത്തറിന്റെ ആഹ്വാനം. അതോടൊപ്പം, സാമൂഹികനീതി കൈവരിക്കുന്നതിനും മനുഷ്യന്റെ അന്തസ്സ് ഉറപ്പുനൽകുന്നതിനും വ്യക്തി താൽപര്യങ്ങൾ പരിഗണിക്കാതെ കൂട്ടായ പ്രവർത്തനങ്ങൾക്കും തയാറാകണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന സാമൂഹിക വികസന സമിതിയുടെ 61ാമത് സെഷനിലെ മന്ത്രിതല ചർച്ചയിൽ ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നെദ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ചുറ്റുമുള്ള അപകടങ്ങളിൽനിന്നും വെല്ലുവിളികളിൽ നിന്നും പ്രാദേശികവും അന്തർദേശീയവുമായ മനുഷ്യസമൂഹത്തെ സംരക്ഷിക്കുന്നതിന് മറ്റ് അന്താരാഷ്ട്ര കക്ഷികളുമായുള്ള സഹകരണം ഖത്തർ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
എല്ലാ സമൂഹങ്ങൾക്കും വികസനത്തിനും പുരോഗതിക്കും വളർച്ചക്കും തുല്യ അവസരം ലഭിക്കണം. അതിനായുള്ള ഐക്യദാർഢ്യത്തിനും സഹകരണത്തിനും മഹത്തായ ആഹ്വാനമാണ് ഖത്തർ ലോകത്തിന് നൽകുന്ന സന്ദേശമെന്നും അവർ കൂട്ടിച്ചേർത്തു.
വികസനത്തിനും ലോകവിപത്തുകൾക്കും അന്തർദേശീയ സ്വഭാവം നൽകുന്ന ആഗോള പരസ്പരാശ്രിതത്വം കണക്കിലെടുത്ത് നല്ല ഫലങ്ങൾ സൃഷ്ടിക്കുന്നതിന് കൂട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. കോവിഡാനന്തര സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ലോക രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച അവർ, സുസ്ഥിര വികസനം കൈവരിക്കുന്നതിനും സാമ്പത്തിക വിടവുകൾ നികത്തുന്നതിനും ശ്രമം തുടരണമെന്നും ആവശ്യപ്പെട്ടു. ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളോട് വേഗത്തിൽ പ്രതികരിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലും സുസ്ഥിര വികസനം കൈവരിക്കുന്നതിലും പ്രവാസി തൊഴിലാളികളുടെ സുപ്രധാന പങ്കിനെ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

