ലുലു ഗ്രൂപ്പിന് രാജ്യാന്തര അംഗീകാരം
text_fieldsറീട്ടെയിൽ എം.ഇ പുരസ്കാരവുമായി ലുലു ഗ്രൂപ് പ്രതിനിധികൾ
ദോഹ: മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ മേഖലയിലെ (മെന) ഏറ്റവും മികച്ച ചെറുകിട വ്യാപാര ശൃംഖലക്കുള്ള അവാർഡുകൾ സ്വന്തമാക്കി ലുലു ഹൈപ്പർ മാർക്കറ്റ്. സ്റ്റോർ നവീകരണത്തിലും ഗ്രോസറി-ഭക്ഷ്യ ഉൽപന്ന വിപണന മേഖലയിലെ പുതുമയിലുമാണ് 'റീട്ടെയിൽ എം.ഇ അവാർഡ് 2021' സ്വന്തമാക്കിയത്. ദുബൈയിലെ കോണാർഡിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് മേധാവികൾ പുരസ്കാരം ഏറ്റുവാങ്ങി. ലുലു ഹൈപ്പർ മാർക്കറ്റ്സ് ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സ് ഡയറക്ടർ ജെയിംസ് വർഗീസ്, റീജനൽ ഡയറക്ടർ കെ.പി. തമ്പാൻ, റീജനൽ മാനേജർ ഹുസേഫ രുപവാല, ഹെഡ് ഓഫ് മാർക്കറ്റിങ് രാഹുൽ സക്സേന എന്നിവർ അവാർഡ് ദാന ചടങ്ങിൽ ലുലു ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് പുരസ്കാരം ഏറ്റുവാങ്ങി.
ഖത്തറിലെ ഏറ്റവും പുതിയ സ്ഥാപനമായ അബുസിദ്ര ലുലു ഹൈപ്പർ മാർക്കറ്റാണ് സ്റ്റോർ ഇന്നൊവേഷൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്. ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറിലെ ഏറ്റവും പുതിയ ട്രെൻഡുകളും സൗകര്യങ്ങളും ഒരുക്കി ഷോപ്പിങ് അനുഭവം ആധുനികമാക്കിയാണ് അബുസിദ്രമാൾ പുരസ്കാരം സ്വന്തമാക്കിയത്. ഉയർന്ന നിലവാരത്തിലെ ഉപഭോക്തൃ സേവനവും ഉൽപന്നങ്ങളിലെ മികച്ച ഗുണനിലവാരവുമാണ് ഞങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നതും ലക്ഷ്യം വെക്കുന്നതും. ഓരോ ലുലു ഔട്ലെറ്റിലും ഞങ്ങൾ നൽകുന്ന വാഗ്ദാനവും അതാണ് -ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. പശ്ചിമേഷ്യയിൽ ലുലു ഗ്രൂപ്പിെൻറ അടയാളമായാണ് ലോകകപ്പ് മുന്നിൽക്കണ്ട് വിശാലമായ അബുസിദ്ര ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.
ഭക്ഷ്യ-ഗ്രോസറി മേഖലയിലെ മികവിനാണ് 'മോസ്റ്റ് അഡ്മയേഡ് റീട്ടെയിലർ ഓഫ് ദി ഇയർ' പുരസ്കാരം നേടിയത്. 22 രാജ്യങ്ങളിലെ സോഴ്സിങ് ഓഫിസുകൾവഴി ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നും ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള അംഗീകാരമായാണ് ഈ അവാർഡ് ലുലു ഗ്രൂപ്പിനെ തേടിയെത്തിയത്. പ്രാദേശിക കർഷകർക്കും ഉൽപാദകർക്കും ഉൽപന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ ലുലു ഗ്രൂപ്പിെൻറ വിവിധ ഫെസ്റ്റിവലുകളും ഷോപ്പിങ് ആഘോഷങ്ങളും വഴി വഴിയൊരുക്കുന്നുണ്ട്. 'റീട്ടെയിൽ എം.ഇ 2021ലെ രണ്ട് സുപ്രധാന അവാർഡുകൾ ഞങ്ങൾക്കുള്ള ആദരവും അംഗീകാരവുമാണ്. ഉപഭോക്താക്കൾക്ക് നന്ദി' -ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.