ഇന്റർനാഷനൽ മാസ്റ്റേഴ്സ് സൗഹൃദ ഫുട്ബാൾ ടൂർണമെന്റ്
text_fieldsലണ്ടൻ എഫ്.സി ഫുട്ബാൾ ടീം
ദോഹ: ഖത്തറിലെ ആദ്യത്തെ മലയാളി ഫുട്ബാൾ ക്ലബ്ബായ യു.കെ.എഫ്.സിയുടെ 45ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്റർനാഷനൽ മാസ്റ്റേഴ്സ് സൗഹൃദ ഫുട്ബാൾ ടൂർണമെന്റിൽ ബുധനാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ഖത്തർ ഇന്ത്യൻ എഫ്.സിയും ലണ്ടൻ എഫ്.സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
കളിയുടെ ഏഴാമത്തെ മിനിറ്റിൽ ലണ്ടൻ എഫ്.സിയുടെ 14ാം നമ്പർ താരം മുക്താറിന്റെ മനോഹരമായ ഷോട്ട് ഗോൾ കീപ്പർ ഷൈജൽ അത്ഭുതകരമായി രക്ഷപ്പെടുത്തിയെങ്കിലും തൊട്ടടുത്ത നിമിഷത്തിൽ ഖലീസിനു ലഭിച്ച ബോൾ നല്ലൊരു പ്ലേസിങ്ലൂടെ ഗോളാക്കുകയിരുന്നു. പിന്നീട് ഉണർന്നു കളിച്ച ഖത്തർ ഇന്ത്യൻ എഫ്.സി നൗഷാദിന്റെ അസിസ്റ്റിലൂടെ സനുവിന് കിട്ടിയ ബോൾ എതിർ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോൾകീപ്പർ കൈയിലൊതുക്കുകയായിരുന്നു.
24 ാം മിനുറ്റിൽ ഖത്തർ ഇന്ത്യൻ എഫ്.സിക്ക് അനുകൂലമായി പെനാൽറ്റി ഏരിയക്ക് പുറത്തു ലഭിച്ച ഫൗൾ മനോഹരമായ ഫ്രീകിക്കിലൂടെ അർമാൻ ഗോളാക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി പിരിഞ്ഞു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. കളിയുടെ 42ാം മിനുറ്റിൽ ലണ്ടൻ എഫ്.സിയുടെ മിസ് പാസ് പിടിച്ചെടുത്തു അർമാൻ ഷോട്ടിലൂടെ ഗോളടിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിലായ ലണ്ടൻ എഫ്.സി യുടെ മുന്നേറ്റമായിരുന്നു പിന്നീട് കണ്ടത്. മധ്യനിരയിൽ കളിച്ച സക്കീർ മുന്നേറ്റ നിരയിലേക്ക് ബാൾ എത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെനാൽറ്റി ഏരിയക്ക് പുറത്തുനിന്ന് ലഭിച്ച ഫൗൾ കിക്ക് ജമാൽ അവിശ്വനീയ ഷോട്ടിൽ ഗോളാക്കുകയായിരുന്നു.
ഇരു ടീമുകളും ഒരു വിജയത്തിനായി പൊരുതുന്നതിനിടയിൽ ലക്ഷ്യം തെറ്റി നിന്നിരുന്ന ഗോൾ കീപ്പറെ കബളിപ്പിച്ചു ലണ്ടൻ എഫ്.സിയുടെ സക്കീർ മൂന്നാമത്തെ ഗോളും വലയിലാക്കി. കളിയുടെ അവസാന നിമിഷംവരെ, ഖത്തർ ഇന്ത്യൻ എഫ്.സി സമനില ഗോളിനായി മുന്നേറുകയായിരുന്നു.
ഒടുവിലായി ലഭിച്ച കോർണർ കിക്ക് ഹാൻസൺ മനോഹരമായ ഹെഡ്ഡെറിലോടെ ഗോളാക്കിയതോടെ ഇരു ടീമുകളും മൂന്നു വീതം ഗോളടിച്ചു മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

