അന്താരാഷ്ട്ര എൽ.എൻ.ജി സമ്മേളനത്തിന് തുടക്കം
text_fieldsഅന്താരാഷ്ട്ര എൽ.എൻ.ജി സമ്മേളനത്തിലെ പവലിയൻ അമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനി സന്ദർശിച്ചപ്പോൾ
ദോഹ: ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ ഊർജ മേഖലയിലെ മികവ് പ്രകടിപ്പിച്ച് 21ാമത് അന്താരാഷ്ട്ര എൽ.എൻ.ജി കോൺഫറൻസും എക്സിബിഷനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു.
ഖത്തറിന്റെ ചരിത്രത്തെയും എൽ.എൻ.ജി, ക്ലീൻ എനർജി വ്യവസായങ്ങളുടെ വികാസഘട്ടങ്ങളെയും ആസ്പദമാക്കി തയാറാക്കിയ ഡോക്യുമെന്ററി ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅബി ചടങ്ങിൽ സംസാരിച്ചു. ആഗോള ഊർജ ആവശ്യകത നിറവേറ്റുന്നതിൽ, പ്രത്യേകിച്ച് വടക്കുകിഴക്കൻ ഏഷ്യയിൽ ഖത്തറിന്റെ തന്ത്രപരമായ പങ്ക് അദ്ദേഹം വിശദീകരിച്ചു.
എൽ.എൻ.ജി മേഖലയിൽ, പ്രത്യേകിച്ച് ആഗോള ഊർജ വിപണികൾക്ക് വിതരണം ചെയ്യുന്നതിൽ ഖത്തർ ഒരു പ്രധാന ഊർജ ശക്തിയായി വേറിട്ടുനിൽക്കുന്ന സമയത്താണ് ഈ സമ്മേളനം നടക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഉദ്ഘാടനത്തിനുശേഷം അമീർ സമ്മേളനത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ പവലിയനുകൾ സന്ദർശിച്ചു.
വിവിധ അന്താരാഷ്ട്ര കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും, ഊർജ മേഖലയിൽ പ്രാദേശിക -അന്തർദേശീയ കമ്പനികൾ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ഫെബ്രുവരി അഞ്ചുവരെ നീണ്ടുനിൽക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ 80ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ, സി.ഇ.ഒമാർ, ഉന്നത ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

