റെക്കോഡ് കുറിച്ച് രുചിമേളം; 3.65 ലക്ഷം സന്ദർശകർ
text_fieldsഅന്താരാഷ്ട്ര ഭക്ഷ്യമേളയുടെ സമാപന ദിവസം നടന്ന വെടിക്കെട്ട്
ദോഹ: കൊതിയൂറും രുചിയും മനംകുളിരും വിനോദങ്ങളും കാഴ്ചകളുമായി 11 ദിവസം ഖത്തറിൽ ഉത്സവ പ്രതീതി തീർത്ത അന്താരാഷ്ട്ര ഭക്ഷ്യമേള സന്ദർശക പങ്കാളിത്തംകൊണ്ടും റെക്കോഡ് കുറിച്ചു.
ഫെബ്രുവരി 12 മുതൽ 22 വരെ ദോഹ കോർണിഷിൽ ഷെറാട്ടണിനോട് ചേർന്ന ഹോട്ടൽ പാർക്ക് വേദിയിൽ നടന്ന ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളയിൽ 3.65 ലക്ഷം പേർ സന്ദർശകരായി എത്തിയതായി വിസിറ്റ് ഖത്തർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരും പാചക രീതികളുമെല്ലാം അരങ്ങേറിയപ്പോൾ വിവിധ വിനോദ പരിപാടികളും ആകർഷകമായി. സ്വദേശികൾ, പ്രവാസികൾ, വിവിധ രാജ്യക്കാരായ സന്ദർശകർ എന്നിവർ ഉൾപ്പെടെയാണ് മൂന്നര ലക്ഷത്തിലേറെ പേർ പങ്കെടുക്കാനെത്തിയത്.
28 അന്താരാഷ്ട്ര പ്രദർശകർ ഉൾപ്പെടെ 180ഓളം പങ്കാളികൾ ഇത്തവണ മേളയെ സജീവമാക്കാനെത്തിയിരുന്നു. ഖത്തറിന്റെ തനത് രുചികളും പാചക പൈതൃകങ്ങളും മുതൽ ലോകോത്തര രുചിയും പാചകവുമായി നിറഞ്ഞ 11 ദിവസത്തിനാണ് ദോഹ സാക്ഷ്യംവഹിച്ചത്. ഫ്രാൻസ് ആസ്ഥാനമായുള്ള ലോക പ്രശസ്ത മിഷേലിൻ റസ്റ്റാറന്റ് സവിശേഷ പങ്കാളികളായി മേളയിൽ അവതരിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒമ്പത് മിഷേലിൻ സ്റ്റാർഡ് റസ്റ്റാറന്റുകളിൽ നിന്നുള്ള എക്സ്ക്ലുസിവ് വൈവിധ്യങ്ങൾ ആസ്വദിക്കാൻ അതിഥികൾക്ക് അവസരമൊരുക്കാൻ മിഷേലിയൻ ഗൈഡ് വില്ലേജും ഇത്തവണ പുറത്തിറക്കി.
ഖിഫ് ജൂനിയർ വിഭാഗത്തിൽ 5000ത്തോളം കുട്ടികൾ പങ്കാളികളായി. ആദ്യമായി അരങ്ങേറ്റം കുറിച്ച ‘ഖിഫ് റിങ്’ വൈവിധ്യമാർന്ന പരിപാടികളുമായി സജീവമായി. സന്ദർശകർക്കായി തീറ്റ മത്സരം മുതൽ ജ്യൂസ് നിർമാണം, ഡെക്കറേറ്റിങ് ഉൾപ്പെടെ മത്സരങ്ങളിൽ വർധിച്ച പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. സ്വദേശികളും വിദേശികളുമായി പ്രമുഖ ഷെഫുമാർ നയിച്ച കുക്കിങ് സ്റ്റുഡിയോയും മേളയെ ആകർഷകമാക്കി.
365000 സന്ദർശകരും പാചക പങ്കാളിത്തവുമായി അന്താരാഷ്ട്ര ഭക്ഷ്യമേള വൻവിജയമായി കൊടിയിറങ്ങിയെന്ന് മേള ഡയറക്ടർ അഹമ്മദ് ഹമദ് അൽ ബിൻ അലി പറഞ്ഞു. മേഖലയിലെ മുൻനിര പാചക, സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതാണ് ഖിഫ്. സന്ദർശകർക്ക് പുതിയ അനുഭവങ്ങളും ആകർഷകമായ പ്രോഗ്രാമുകളും അവതരിപ്പിച്ചുകൊണ്ട് ഓരോവർഷവും വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യമേളയുടെ ഭാഗമായി അരങ്ങേറിയ വെടിക്കെട്ടും കാഴ്ചകളെ വർണാഭമാക്കി. കോർണിഷ് തീരത്ത് നടന്ന വെടിക്കെട്ടിന് കാഴ്ചക്കാരാകാനും മേളയിലെ രുചികളും വിനോദ പരിപാടികളും ആസ്വദിക്കാനുമായി ആയിരങ്ങളാണ് ദിവസേന എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

