അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം: ആഘോഷങ്ങളുമായി മന്ത്രാലയം
text_fieldsവിദ്യാഭ്യാസ ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ അൽ അഹ്നാഫ് സ്കൂൾ സന്ദർശിക്കുന്നു
ദോഹ: ജനുവരി 24ലെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം വിപുലമായി ആഘോഷിക്കാൻ ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ‘വിദ്യാഭ്യാസം എല്ലാവരുടെയും ഉത്തരവാദിത്തം’ എന്ന പ്രമേയത്തിൽ സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് ഉയർത്തിക്കാട്ടി ജനുവരി 19 മുതൽ 23 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയിൽ രാജ്യത്തെ പൊതു സ്വകാര്യ സ്കൂളുകൾ പങ്കെടുക്കും. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലെ മന്ത്രാലയത്തിന്റെയും രക്ഷിതാക്കളുടെയും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കൂടി ഈ ആഘോഷ പരിപാടികൾ അടിവരയിടുന്നതാണ്.
വിദ്യാഭ്യാസ ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ റാഷിദ് അൽഖാതിർ അൽ അഹ്നാഫ് ബിൻ ഖൈസ് ഇൻഡിപെൻഡന്റ് പ്രിപ്പറേറ്ററി ബോയ്സ് സ്കൂൾ സന്ദർശിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, അധ്യാപകരും സാങ്കേതിക, ഭരണനിർവഹണ പ്രതിനിധികളെയും അഭിനന്ദിച്ചു.
വിദ്യാഭ്യാസ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി ജനുവരി 22ന് മന്ത്രാലയം പ്രത്യേക പരിപാടി സംഘടിപ്പിക്കും. വിദ്യാഭ്യാസത്തിലെ നിർമിതബുദ്ധി, വിദ്യാഭ്യാസത്തിലെ നിക്ഷേപം തുടങ്ങി കാലിക വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. എജുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ, ടീച്ച് ഫോർ ഖത്തർ തുടങ്ങിയ സംഘടനകളുടെ അവതരണങ്ങളും പ്രദർശനവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2018ലാണ് ഐക്യരാഷ്ട്രസഭ എല്ലാ വർഷവും ജനുവരി 24 അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചത്. രക്ഷിതാക്കളുമായി സഹകരിച്ച് നിരവധി വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര, കായിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് ഖത്തർ എല്ലാ വർഷവും അന്താരാഷ്ട്ര വിദ്യാഭ്യാസദിനം ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

