ഇസ്രായേലിന്റെ നിരുത്തരവാദപരവും വിവേകരഹിതവുമായ പ്രവർത്തനങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം രംഗത്തു വരണം -മന്ത്രിസഭ
text_fieldsദോഹ: ഇസ്രായേലിന്റെ നിരുത്തരവാദപരവും വിവേകരഹിതവുമായ പ്രവർത്തനങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്ന് അമീരി ദിവാനിയിൽ ചേർന്ന മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളുടെ താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിച്ച മന്ത്രിസഭ, ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കും ജീവനും നേരെയുള്ള ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണിത്. തങ്ങളുടെ സുരക്ഷയും പരമാധികാരം നിലനിർത്തുന്നതിനും സഹോദര-സൗഹൃദ രാജ്യങ്ങൾക്കൊപ്പം നിൽക്കുന്നതിനും ജനങ്ങളുടെ നീതിയുക്തമായ അവകാശങ്ങളെ പിന്തുണക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രിസഭ ആവർത്തിച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ പരിശ്രമിക്കുന്ന വേളയിൽ നടന്ന അതിക്രമം ഖത്തർ സഹിക്കില്ല. ഇസ്രായേലിന്റെ ആക്രമണോത്സുകമായ മനോഭാവവും ഭീകരവാദ പ്രവർത്തനങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറിനെയും അന്താരാഷ്ട്ര നിയമങ്ങളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും അവർ അവഗണിക്കുന്നുവെന്ന് തെളിയിക്കുന്നതായും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി അധ്യക്ഷതവഹിച്ചു. ചുമതലകൾ നിർവഹിക്കുന്നതിനിടെ വീരമൃത്യു വരിച്ച കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയുടെ രക്തസാക്ഷിത്വത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷി കുടുംബങ്ങളെയും അനുശോചനം അറിയിച്ചു. ഇസ്രായേൽ ആക്രമണത്തെ അപലപിക്കുകയും ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ സൗഹൃദ രാജ്യങ്ങളോടും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളോടും നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന്, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഇസ്രായേൽ ആക്രമണവും അതിന്റെ ദുരന്തഫലങ്ങൾ തടയാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ, ഇസ്രായേൽ ആക്രമണത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുടെ നേതൃത്വത്തിൽ നിയമസംഘത്തെ രൂപവത്കരിക്കാനും തീരുമാനിച്ചു. ഈ ആക്രമണത്തെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും കീഴ്വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണന്നും മന്ത്രിസഭ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

