ഖത്തർ റിയാലിന് രാജ്യാന്തര അവാർഡ്
text_fieldsദോഹ: സുരക്ഷാമികവിൽ ഖത്തറിന്റെ അഞ്ചാം സീരീസ് കറൻസിക്ക് രാജ്യാന്തര അംഗീകാരം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കറൻസി നോട്ടിനാണ് യൂറോപ്പിലെയും പശ്ചിമേഷ്യ-ആഫ്രിക്ക മേഖലയിലെയും ബാങ്ക്നോട്ട് കളക്ഷൻ അവാർഡിന്റെ ഹൈസെക്യൂരിറ്റി പ്രിന്റിങ് പുരസ്കാരം നേടിയത്. ബ്രിട്ടീഷ് റെക്കണൈസൻസ് ഇന്റർനാഷനൽ വിവിധ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുടെ കറൻസി നോട്ടുകൾ പങ്കെടുപ്പിച്ച് നടത്തിയ മത്സരത്തിലായിരുന്നു ഖത്തറിന്റെ ഏറ്റവും പുതിയ സീരീസ് നോട്ട് സുരക്ഷാ മാനദണ്ഡത്തിൽ മുന്നിലെത്തിയത്. സുരക്ഷാ ടാഗുകളിലെ രൂപകൽപനയും സാങ്കേതിക മികവുമാണ് അഞ്ചാം സീരീസ് നോട്ടുകളെ നേട്ടത്തിലെത്തിച്ചതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പറഞ്ഞു.
സാങ്കേതികമായും സുരക്ഷാകാര്യത്തിലും ഏറ്റവും ഉയർന്ന നിലവാരത്തിലാണ് പുതിയ നോട്ടുകൾ പുറത്തിറങ്ങിയത്. പ്രത്യേകിച്ച് ഏറ്റവും ഉയർന്ന മൂല്യത്തിലുള്ള 500 റിയാലിന്റെ നോട്ടുകൾ. സൂക്ഷ്മമായ നെക്സസ് ഒപ്റ്റിക്കൽ ടേപ്പിലെ അടയാളം കറൻസിയെ ഭദ്രമാക്കുന്നു. ലോകത്തിൽ തന്നെ ആദ്യമായാണ് ഈ സംവിധാനം നോട്ടിൽ ഉപയോഗിക്കുന്നത് -ക്യൂ.സി.ബി ബാങ്കിങ് അഫയേഴ്സ് എക്സി. ഡയറക്ടർ മുഹമ്മദ് ബിൻ ജാസിൽ അൽ കുവാരി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ കറൻസിക്ക് കേടുപാടുകൾ ഒഴിവാക്കാനും വ്യാജനോട്ടുകൾ പുറത്തിറക്കുന്നത് തടയാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ പൈതൃകവും ചരിത്രവും അടയാളപ്പെടുത്തുന്ന അഞ്ചാം സീരീസ് നോട്ടുകൾ 2020 ഡിസംബർ 18നാണ് പുറത്തിറങ്ങിയത്.