എച്ച്.എം.സി മാനസികാരോഗ്യ വിഭാഗത്തിന് അന്താരാഷ്ട്ര പുരസ്കാരം
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ മാനസികാരോഗ്യ സേവന വിഭാഗത്തിന് അന്താരാഷ്ട്ര പുരസ്കാരം. ലോകാരോഗ്യ സംഘടനക്ക് കീഴിലുള്ള ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഓഫിസിെൻറ ഇൻറർനാഷനൽ ഹെൽത്ത് വർക്കേഴ്സ് പുരസ്കാരത്തിനാണ് എച്ച്.എം.സി മെൻറൽ ഹെൽത്ത് സർവിസ് അർഹരായത്. കോവിഡ് കാലത്തുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ അശ്രാന്ത പരിശ്രമങ്ങൾക്കും സേവനങ്ങൾക്കുമുള്ള അംഗീകാരമാണ് ഡബ്ല്യൂ.എച്ച്.ഒ റീജനൽ ഓഫിസിെൻറ പുരസ്കാരം.
എച്ച്.എം.സി മെൻറൽ ഹെൽത്ത് സർവിസിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ചൈൽഡ് ആൻഡ് അഡോളസൻറ് മെൻറൽ ഹെൽത്ത് സർവിസ് ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മായ് അൽ മുറൈസിക്ക് സർവീസ് ഡെലിവറി പുരസ്കാരവും ലഭിച്ചു. ഇ.എം.ആർ.ഒ സമിതി യോഗത്തിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിലെ ജനങ്ങൾക്കിടയിലെ ക്ഷേമവും മാനസികാരോഗ്യവും പരിഗണിക്കുന്നതിൽ ഡോ. അൽ മുറൈസിയുടെയും ആരോഗ്യ സംഘത്തിെൻറയും കഠിന പ്രയത്നങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മെൻറൽ ഹെൽത്ത് ഹെൽപ്ലൈൻ സ്ഥാപിക്കാനും പ്രാബല്യത്തിൽ വരുത്താനും സംഘത്തിന് സാധിച്ചെന്നും ഇ.എം.ആർ.ഒ വ്യക്തമാക്കി. മാനസിക സമ്മർദം അനുഭവപ്പെടുന്നവർക്കും ആശങ്കകളും ഉത്കണ്ഠയും അനുഭവപ്പെടുന്നവർക്കും പരിചയ സമ്പന്നരായ മാനസികാരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നതിൽ ഹെൽപ് ലൈൻ വലിയ പങ്കാണ് വഹിച്ചത്.
ക്ലിനിക്കൽ സർവിസ് ഡെവലപ്മെൻറ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ കത്ജ വാർവിക് സ്മിത്, മെൻറൽ ഹെൽത്ത് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ റാഇദ് അംറ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷഹ്നാസ് എ അഹ്മദ്, വിമൻസ് വെർച്വൽ സർവിസ് ക്ലിനിക്കൽ ലീഡ് ഡോ. ഷാസ്ഗർ ഹമദ് എന്നിവരും ഹെൽപ്ലൈൻ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചവരാണ്.
ഏറെ അഭിമാനകരമായ നേട്ടമാണ് ഡബ്ല്യൂ.എച്ച്.ഒയുടെ ഇ.എം.ആർ.ഒ പുരസ്കാരമെന്നും മെൻറൽ ഹെൽത്ത് സർവിസിന് നൽകുന്ന അകമഴിഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും മെഡിക്കൽ ഡയറക്ടർ ഡോ. മാജിദ് അൽ അബ്ദുല്ല പറഞ്ഞു.
കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നിരവധി ആളുകൾ കടുത്ത നിരാശയിലും ഉത്കണ്ഠയിലും ആശങ്കയിലും അകപ്പെട്ടുവെന്നും മെൻറൽ ഹെൽത്ത് സർവിസിന് കീഴിൽ ആരംഭിച്ച ഹെൽപ് ലൈൻ അവരുടെ ആശങ്കകൾ പങ്കു വെക്കുന്നതിനും പരിചയ സമ്പന്നരായ മാനസികാരോഗ്യ വിദഗ്ധരാൽ അവരുടെ ആശങ്കകളും സമ്മർദങ്ങളും അകറ്റാൻ സാധിച്ചെന്നും ഡോ. അൽ അബ്ദുല്ല വിശദീകരിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് എച്ച്.എം.സി മെൻറൽ ഹെൽത്ത് സർവിസ് ആരംഭിച്ച ഹെൽപ് ലൈനിൽ ഇതുവരെയായി 37000 ഫോൺ കോളുകളാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

